കോഴിക്കോട്: നഗരത്തിൽ ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചീട്ടുകളി സംഘത്തിൽ നിന്ന് 89,720 രൂപ പോലീസ് പിടിച്ചെടുത്തു. വിവിധ ഹോട്ടലുകളിൽ വാടകകൂടിയ മുറികൾ ബുക്ക് ചെയ്താണ് സംഘം ചീട്ടുകളിക്കാറുള്ളതെന്ന് പോലീസ് വ്യക്തമാക്കി.
ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ മുറികളും ബുക്ക് ചെയ്യാറുണ്ടെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. പോലീസിന് സംശയം തോന്നാതിരിക്കാനാണ് നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ തെരഞ്ഞെടുത്ത് റൂം ബുക്ക് ചെയ്യുന്നതെന്നും സമ്മതിച്ചു. ചീട്ടുകളിയിൽ ആകൃഷ്ടരായി പലർക്കും വാഹനങ്ങളും വീടും വരെ വിൽക്കേണ്ടി വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കളിച്ച് നഷ്ടപ്പെട്ട പണം എന്നെങ്കിലും ഒരിക്കൽ തിരികെ കിട്ടുമെന്ന് പ്രതിക്ഷിച്ച് പലരും കടം വാങ്ങി വരെ ചീട്ട് കളിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിലും പോലീസ് പരിശോധന തുടരുമെന്നും കസബ സബ് ഇൻസ്‌പെക്ടർ എസ്. അഭിഷേക് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

