ദില്ലി: കോവിഡ് പശ്ചാത്തലത്തിൽ വരാനിരിക്കുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്കു മുന്നറിയിപ്പ് നൽകിയത്. മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് രാജ്യത്തെ അഭിസോബോധന ചെയ്യുന്നത്. രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടെന്നും എന്നാൽ വൈറസ് നമ്മെ വിട്ട് ഇനിയും പോയിട്ടില്ലാത്തതിനാൽ ആഘോഷപരിപാടികളിൽ ജാഗ്രത കൈവെടിയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം.
ഇന്ത്യയിൽ കൊവിഡ് മുക്തി നിരക്ക് കൂടുതലാണ്. ഇപ്പോൾ രാജ്യത്തെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ട് വരികയാണ്. കൊവിഡ് രോഗത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം രോഗപരിശോധനയാണെന്ന് പറഞ്ഞ പ്രധാമന്ത്രി രാജ്യത്തെ ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ചു. പത്ത് കോടി കൊവിഡ് റെസ്റ്റുകൾക്കുള്ള സജ്ജീകരണങ്ങൾ ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്നും പൂർണമായ ഫലം ഉണ്ടാകുന്നത് വരെ രോഗത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി അറിയിച്ചു.

