Tuesday, May 14, 2024
spot_img

രണ്ടര വർഷത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിൽ; കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്

ശ്രീനഗർ: രണ്ടര വർഷത്തെ ഇടവേളക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മുകശ്മീരിൽ. ദേശീയ പഞ്ചായത്ത് രാജ് ദിവസത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിൽ എത്തുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.

ജമ്മുകശ്മീരിൽ 20,000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അഞ്ച് എക്‌സ്പ്രസ് വേകളുടെ നിർമ്മാണോദ്ഘാടനം അദ്ദേഹം നിർവഹിക്കും. നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി. വിവിധയിടങ്ങളിൽ കൂടുതൽ പോലീസിനെയും, സുരക്ഷാ സേനാംഗങ്ങളെയുംവിന്യസിച്ചിരിക്കുകയാണ്.

ഇന്ന് കശ്മീരിൽ എത്തുന്ന പ്രധാനമന്ത്രി, അവിടുത്തെ പഞ്ചായത്ത് രാജ് അംഗങ്ങളുമായി നേരിട്ടും, മറ്റ് സംസ്ഥാനങ്ങളിലെ അംഗങ്ങളുമായി വെർച്വൽ ആയും അഭിസംബോധന ചെയ്യും. ഇത്തവണ ജമ്മു കശ്മീരിലെ പാല്ലി പഞ്ചായത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഗ്രാമം സ്വന്തമാക്കിയ നേട്ടങ്ങൾ വെളിവാക്കുന്ന പ്രദർശനവും ഉണ്ടാകും.

സാമ്പ ജില്ലയിലെ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം ഉൾപ്പെടെ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹം സന്ദർശിക്കുന്ന സ്ഥലങ്ങളിലെല്ലാം ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹന പരിശോധനയുൾപ്പെടെ ശക്തമാണ്. എല്ലാ മുന്നൊരുക്കങ്ങളും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പാല്ലിയിൽ സ്ഥാപിച്ചിട്ടുള്ള 500 കിലോ വാട്ടിന്റെ സോളാർ പവർ പ്ലാന്റും അദ്ദേഹം നാടിന് സമർപ്പിക്കും. ഇതിന് പിന്നാലെ ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള 8.45 കിലോ മീറ്റർ ദൂരമുള്ള ടണലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.

Related Articles

Latest Articles