ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ആന്ധ്രാപ്രദേശിൽ രാത്രി വൈകിയും വഴിയരികിൽ കാത്തുനിന്നത് ആയിരങ്ങൾ. രാത്രിയെത്തിയ പ്രധാനമന്ത്രിയെ കാണാൻ വിശാഖപട്ടണത്ത് ജനസാഗരമായിരുന്നു. പ്രധാനമന്ത്രിക്ക് ചുറ്റും മുദ്രാവാക്യം വിളികളുമായി നിരവധിപേരുണ്ടായിരുന്നു.
വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി. തമിഴ്‌നാട്ടിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം വിശാഖപട്ടണത്തിലേക്ക് തിരിച്ചത്. മധുരയിൽ ശക്തമായ മഴയായതിനാൽ നിശ്ചയിച്ച സമയത്ത് പ്രധാനമന്ത്രിയ്‌ക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 40 മിനിറ്റോളം വൈകിയാണ് പ്രധാനമന്ത്രി പുറപ്പെട്ടത്. വിശാഖപട്ടണത്ത് എത്താനും ഏറെ വൈകി. എന്നാൽ നേരം ഒരുപാട് വൈകിയിട്ടും അതൊന്നും വകവയ്‌ക്കാതെ പ്രധാനമന്ത്രിയ്‌ക്കായി വിശാഖപട്ടണത്തിൽ ജനങ്ങൾ കാത്തിരുന്നു.
വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വഭൂഷൺ ഹരിചരൺ, മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. വിമാനത്താവളത്തിന് പുറത്തും പ്രധാനമന്ത്രി പോകുന്ന വഴിയിലുമെല്ലാം അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ജനങ്ങൾ കാത്തുനിന്നു. കൊടികൾ വീശിയാണ് പ്രധാനമന്ത്രിയെ ബിജെപി പ്രവർത്തകർ അഭിവാദ്യം ചെയ്തത്.

