Monday, May 20, 2024
spot_img

രാജ്യത്തിൻറെ സല്യൂട്ട്: ജനറൽ ബിപിന്‍ റാവത്തടക്കം 13 പേർക്കും അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരം ദില്ലിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ദില്ലി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്‌, സേനാമേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു.

രാത്രി 8.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്‌. തുടർന്ന് ഒമ്പത് മണിയോടെ പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും സൈനിക മേധാവിമാരടക്കമുള്ളവരും ആദരവ് അർപ്പിച്ചു.

അതേസമയം ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. ഡിഎൻഎ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ വിട്ടു നൽകുക.

Related Articles

Latest Articles