ദില്ലി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠ അയോദ്ധ്യയിൽ നടക്കാനിരിക്കെ ജനുവരി 20, 21 തീയതികളിൽ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമാനുമായി ബന്ധമുള്ള ക്ഷേത്രങ്ങളും സ്ഥലങ്ങളുമായിരിക്കും അദ്ദേഹം സന്ദർശിക്കുക. തിരിച്ചിറാപ്പള്ളിയിലെ രംഗനാഥ സ്വാമി ക്ഷേത്രവും, രാമേശ്വരത്തെ രാമനാഥ ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. ധനുഷ്കോടിയിലെ കോതണ്ഡരാമ ക്ഷേത്രവും, രാമസേതുവിന്റെ തുടക്കം എന്നറിയപ്പെടുന്ന അരിച്ചൽ മുനയും അദ്ദേഹത്തിന്റെ സന്ദർശന പട്ടികയിലുണ്ട്. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വ്രതനിഷ്ഠയിലാണ് പ്രധാനമന്ത്രി.
ശ്രീരാമന്റെ ചരിത്രം പറയുന്ന ധാരാളം ക്ഷേത്രങ്ങൾ രാജ്യത്തുണ്ട്. തന്റെ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ഇത്തരം ക്ഷേത്രങ്ങളെ ലോക ശ്രദ്ധയിൽ കൊണ്ടുവരികയാണ്. നേരത്തെ തൃശ്ശൂർ സന്ദർശിച്ച അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്ര തന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് ശ്രീകൃഷ്ണൻ ആരാധിച്ചിരുന്ന ശ്രീരാമ വിഗ്രഹമുള്ള തൃപ്രയാർ ക്ഷേത്രം അദ്ദേഹം സന്ദർശിച്ചത്.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം നൽകുന്നതിനായി അവധി നൽകിയിട്ടുമുണ്ട്. എല്ലാ മന്ത്രിമാരിൽ നിന്നും അഭിപ്രായം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ഈ തീരുമാനം കൈക്കൊണ്ടത്. ജനുവരി 22 ന് മന്ത്രിമാരോട് വീടുകളിൽ വിളക്ക് തെളിയിക്കാനും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ദീപാവലി പോലെ ആഘോഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

