Wednesday, May 15, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ കേരളത്തില്‍; ഗുരുവായൂരില്‍ തുലാഭാരവും പാല്‍പ്പായസം വഴിപാടും

ദില്ലി: രണ്ടാം വട്ടം അധികാരമേറ്റശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ ഒമ്പത് മണിക്ക് ക്ഷേത്ര ദര്‍ശനത്തിനെത്തുമെന്നാണ് അറിയിപ്പ്.

തുടര്‍ന്ന് ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂള്‍ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.

അതേസമയം, പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആരാഞ്ഞിരുന്നു. പ്രധാനപ്പെട്ട വഴിപാടുകള്‍ ക്ഷേത്രം സമിതി പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചു. കൂടാതെ, മൂന്ന് വഴിപാടുകള്‍ ഗുരുവായൂര്‍ ദേവസ്വം നിര്‍ദേശിക്കുകയും ചെയ്തു. ഈ വഴിപാടുകള്‍ക്ക് സംവിധാനവും ഒരുക്കും. ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ മോദിക്ക് ഗുരുവായൂരില്‍ തുലാഭാരവും അഹസ്സും പാല്‍പ്പായസം വഴിപാടും നടത്തുമെന്നാണ് വിവരം.

മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും നരേന്ദ്രമോദി ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. തുലാഭാരമായിരുന്നു അന്ന് പ്രധാന വഴിപാട്. അന്ന് കദളിപ്പഴവും താമരപ്പൂവും കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്.

Related Articles

Latest Articles