Tuesday, December 30, 2025

മോദിക്കെതിരെ പ്രയോഗിച്ച നിയമം മറ്റാർക്കെതിരെയും അമേരിക്ക ഉപയോഗിച്ചിട്ടില്ല; ശത്രുക്കളെ സ്വന്തം ആരാധകരാക്കുന്ന മോദി മാജിക്ക് വീണ്ടും; ദിഗന്തങ്ങൾ മുഴങ്ങുന്ന 21 ആചാരവെടികൾ അമേരിക്കയുടെ പ്രായശ്ചിത്തം ?

ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യാനികൾ മത പീഡനം നേരിടുന്നു എന്ന് വിലയിരുത്തിയാണ് 1998 ൽ അമേരിക്ക ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്ട് പാസാക്കിയത്. സുഡാനിലും ചൈനയിലും മത പീഡനം നടത്തുന്നവർക്ക് വിസ നിഷേധിക്കുകയായിരുന്നു ലക്‌ഷ്യം. പക്ഷെ അമേരിക്ക ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു രാജ്യമല്ലെന്നും എല്ലാ മതങ്ങളെയും സംരക്ഷിക്കാനായി നിലകൊള്ളുന്നുവെന്നും തെളിയിക്കാൻ അവർ അവസരം പാർത്തിരിക്കുകയായിരുന്നു. അപ്പോഴാണ് 2002 ലെ ഗുജറാത്ത് കലാപത്തെ തുടർന്ന് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെ തുടർന്നുള്ള പ്രചാരണങ്ങൾ ശക്തമാകുന്നത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ചില സംഘടനകൾ മോദിക്കെതിരെ വിദേശത്ത് നടത്തിയ ടൂൾ കിറ്റിന്റെ ഭാഗമാണ് 2005 ൽ മോദിക്ക് വിസ നിഷേധിക്കുന്നതിൽ എത്തിയത്. കലാപത്തിലെ ഇരകളും ദൃക്‌സാക്ഷികളും എന്ന പേരിൽ കുറച്ച് ആളുകളെ ക്യാപിറ്റോൾ ഹില്ലിൽ എത്തിച്ച് മോദിയെ വിചാരണ ചെയ്‌തു. 1998 ലെ അമേരിക്കൻ നിയമം മോദിക്ക് മേൽ അടിച്ചേൽപ്പിക്കാൻ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ പോലുള്ള ചില സംഘടനകൾ ഇടപെട്ടു. മോദിയെ കുറ്റക്കാരനെന്ന് വിധിച്ച കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അംഗം ഷിറിൻ താഹിർ ഖേലി ഒരു പാകിസ്‌ഥാനി അമേരിക്കൻ ആണെന്ന് കേൾക്കുമ്പോൾ തന്നെ ഗൂഡാലോചനയുടെ വ്യാപ്തി വ്യക്തമാകും. ഗുജറാത്തിലെ കലാപങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി മോദിയാണെന്ന് അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതി ഡേവിഡ് മുൽഫോഡ് പ്രസ്താവിച്ചു.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷണപ്രകാരം ഒരു പരിപാടിയിൽ പങ്കെടുക്കാനായി അമേരിക്കൻ വിസക്കായുള്ള മോദിയുടെ അപേക്ഷ എത്തുന്നത് അപ്പോഴാണ്. പഴകി തുരുമ്പെടുത്ത് തുടങ്ങിയിരുന്ന ആ നിയമം ഉപയോഗിച്ച് ബുഷ് ഭരണകൂടം മോദിക്ക് വിസ നിഷേധിച്ചു. മാത്രമല്ല മോദിയുടെ വരവ് തടയാനായി അദ്ദേഹത്തിന് ആ സമയത്ത് ഉണ്ടായിരുന്ന ടൂറിസ്റ്റ് വിസ റദ്ദാക്കുകയും ചെയ്‌തു. 1998 ലെ ആ നിയമം മോദിക്കെതിരെ അല്ലാതെ മറ്റാർക്കെതിരെയും അമേരിക്ക പ്രയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പക്ഷെ നരേന്ദ്രമോദി നിശ്ചയിച്ച പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിക്കാതിരുന്നില്ല. ഫോണിലൂടെ അദ്ദേഹം പരിപാടിയെ അഭിസംബോധന ചെയ്‌തു. പത്തുവർഷത്തോളം പിന്നെ മോദി അമേരിക്കൻ വിസയ്ക്കായി ശ്രമിച്ചില്ല. പക്ഷെ 2014 മാർച്ച് മാസമായപ്പോഴേക്കും അമേരിക്ക ക്യാപിറ്റോൾ ഹില്ലിൽ നടന്ന ആ വിചാരണയെ ശപിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോദിയായിരുന്നു. അമേരിക്ക ഗുണിച്ചും ഹരിച്ചും നോക്കിയിട്ടും വിജയ സാധ്യത മോദിക്ക് തന്നെ.

അന്നുവരെ അമേരിക്കയുടെ ഉറ്റ പങ്കാളിയായിരുന്ന പാകിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് അമേരിക്ക മനസ്സിലാക്കി തുടങ്ങിയ കാലം. അമേരിക്കയെ വെല്ലുവിളിച്ച് ചൈന പല കൊള്ളരുതായ്മയും ചെയ്തുതുടങ്ങിയ കാലം. ഇന്ത്യയെ ഒപ്പം നിർത്താതെ രക്ഷയില്ല. പക്ഷെ ഇന്ത്യയിലെ ജനങ്ങൾ ഹൃദയത്തിലേറ്റിയ നേതാവാകട്ടെ ഒരിക്കൽ അമേരിക്ക പടിയടച്ച് പിണ്ഡം വച്ച നരേന്ദ്രമോദി. ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള അമേരിക്ക വിയർത്തു. ഗത്യന്തരമില്ലാതെ അമേരിക്ക മറുകണ്ടം ചാടി. 2014 മാർച്ചിൽ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി നാൻസി പവൽ പ്രെസിഡന്റിന്റെ പ്രത്യേക ദൂതനായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്രമോദിയെ കണ്ടു. ഒരു മണിക്കൂർ നീണ്ട ആ കൂടിക്കാഴ്ച്ച അമേരിക്ക മോദിയുടെ കാൽക്കൽ വീണതിന് സമാനമായിരുന്നു. ലോകപൊലീസെന്ന് വീമ്പിളക്കിയിരുന്ന സമ്പന്നരാജ്യം ചായക്കടക്കാരന്റെ മകനായ നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന ഭാരതാംബയുടെ ഉത്തമപുത്രന്റെ മുന്നിൽ അടിയറവ് പറഞ്ഞപ്പോൾ ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഓരോ ഗ്രാമവും അഭിമാനം കൊണ്ടു.

ചരിത്രം കുറിച്ച തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നരേന്ദ്രമോദി അമേരിക്ക സന്ദർശിച്ചത് ആറിലേറെ തവണ. എന്നാൽ ഇത്തവണത്തെ സന്ദർശനം മറ്റൊരു മധുര പ്രതികാരമാണ്. ഒരിക്കൽ അടഞ്ഞ വാതിലുകൾ തനിക്ക് മുന്നിൽ വീണ്ടും വീണ്ടും തുറക്കുകയാണ്. ഇത്തവണത്തേത് ലോകം വിലമതിക്കുന്ന സ്റ്റേറ്റ് വിസിറ്റ്. അമേരിക്ക ഇന്ത്യൻ ഭരണാധികാരിക്ക് നൽകുന്ന പരമോന്നത ആദരവ്. മോദിയെ അമേരിക്ക സ്വീകരിക്കുന്നത് ദിഗന്തങ്ങൾ മുഴങ്ങുന്ന 21 ആചാര വെടികളോടെ. ചൈനയും പാകിസ്ഥാനും നോക്കിനിൽക്കെ അമേരിക്കൻ പ്രസിഡന്റുമായി മോദി ഇന്ന് നടത്തുന്ന ചർച്ചകൾ നാളെ ലോകക്രമത്തെ മാറ്റിമറിക്കുന്നതാകാം. നരേന്ദ്രമോദിയെന്ന സസ്യഭുക്കിനായി അത്താഴ വിരുന്നൊരുക്കാൻ നേതൃത്വം നൽകുന്നത് അമേരിക്കൻ പ്രഥമ വനിത നേരിട്ട്. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സഭയെ അഭിസംബോധന ചെയ്യുമ്പോൾ വെളിപ്പെടുക ഭാരതത്തിന്റെ ശക്തി. മൂന്ന് പകലുകളും നാല് രാത്രിയും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിൽ തങ്ങിയശേഷം ആചാരപരമായ വിട നൽകി ഇന്ത്യൻ പ്രധാനമന്ത്രിയെ യാത്രയാക്കുമ്പോൾ അമേരിക്ക ഒരു പ്രായശ്ചിത്തം ചെയ്തതിന്റെ ആശ്വാസത്തിലായിരിക്കും.

Related Articles

Latest Articles