ഹൈദരാബാദ് :11–ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീമദ് രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ തെലങ്കാനയിൽ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശ്രീരാമാനുജാചാര്യയുടെ 1000-ാം ജന്മവാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായാണ് സമത്വ പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവ്വഹിച്ചത്.
ശ്രീ രാമാനുജാചാര്യയുടെ ഓർമ്മയ്‌ക്കായാണ് 216 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചത്. ഇത് രാജ്യത്തെ യുവ തലമുറയ്‌ക്ക് പ്രോത്സാഹനമേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമാനുജാചാര്യയുടെ അറിവിന്റെയും ആദർശങ്ങളുടെയും പ്രതീകമാണ് പ്രതിമയെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിലെ ആശ്രമത്തിന്റെ അനുയായികൾ സംഭാവന ചെയ്ത 1000 കോടിരൂപയ്‌ക്കാണ് രാമാനുജാചാര്യ പ്രതിമയും ഗവേഷണകേന്ദ്രവും മ്യൂസിയവും പണിതീർത്തിരിക്കുന്നത്. സ്വർണം, വെള്ളി, ചെമ്പ്, പിച്ചള, സിങ്ക് തുടങ്ങിയ അഞ്ച് തരം ലോഹങ്ങൾ ഉപയോഗിച്ചാണ് പ്രതിമയുടെ നിർമ്മാണം.
അതേസമയം രാമാനുജാചാര്യ 120 വർഷം ജീവിച്ചിരുന്നതിന്റെ സ്മരണാർത്ഥം 120 കിലോ സ്വർണം ഉപയോഗിച്ചാണ് ശ്രീകോവിലിനുള്ളിലെ രാമാനുജാചാര്യരുടെ പ്രതിഷ്ഠ നിർമിച്ചിരിക്കുന്നത്.
പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദിവ്യനും സാമൂഹിക പരിഷ്‌കർത്താവുമാണ് ശ്രീമദ് രാമാനുജാചാര്യർ. ആളുകളുടെ ഉന്നമനത്തിനായി ദേശീയത, ലിംഗഭേദം, വംശം, ജാതി, മതം എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യരും തുല്യരാണെന്ന മനോഭാവത്തോടെ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ചിന്നജീയാർ സ്വാമിയാണ് പ്രതിമയുടെ ആശയം രൂപപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹ പ്രതിമകളിൽ ഒന്ന് കൂടിയാണിത്.
ഇത് സ്ഥാപിച്ചിരിക്കുന്നത് ‘ഭദ്ര വേദി’ എന്ന 54 അടി ഉയരമുള്ള കെട്ടിടത്തിലാണ്. വേദിക് ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ, തിയേറ്റർ, ശ്രീരാമാനുജാചാര്യരുടെ കൃതികൾ സൂക്ഷിക്കുന്ന വിദ്യാഭ്യാസ ഗാലറി എന്നിവയും ഇവിടെ നിർമ്മിക്കും. കൂടാതെ രാമാനുജാചാര്യരുടെ ജീവിതയാത്രയും അദ്ധ്യാപനവും സംബന്ധിച്ച് 3ഡി പ്രൊജക്ഷനും ഇവിടെ പ്രദർശിപ്പിക്കും. പരിപാടിയുടെ ഭാഗമായി, സമത്വ പ്രതിമയ്‌ക്ക് ചുറ്റുമുള്ള 108 ദിവ്യ ദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.

