Wednesday, December 24, 2025

മോദിയെ പ്രകീർത്തിച്ച് തരൂരിന്റെ ലേഖനം ! പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ; പ്രതികരിക്കാതെ കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രകീർത്തിച്ച് ശശി തരൂര്‍ എംപി. മോദിയുടെ ഊര്‍ജ്ജസ്വലത, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഭാരതത്തിന് നേട്ടമാണെന്നാണ് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ തരൂർ വ്യക്തമാക്കിയത്. ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് നേതൃത്വം തരൂരിന്റെ ലേഖനത്തോട് പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി ലൈന്‍ നിരന്തരം ലംഘിക്കുന്ന തരൂര്‍ എന്ത് പറഞ്ഞാലും അവഗണിക്കുകയെന്ന നിലപാട് തുടരാൻ ഹൈക്കമാന്‍ഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു

‘ഓപ്പറേഷന്‍ സിന്ദൂറിന്’ ശേഷമുള്ള നയതന്ത്ര ഇടപെടല്‍ ദേശീയമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നു. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടല്‍ തുടങ്ങിയവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് ഒരു പ്രധാന ആസ്തിയായി തുടരുന്നു. ഒന്നിച്ചു നിന്നാല്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വേദികളില്‍ വ്യക്തതയോടും ബോധ്യത്തോടും കൂടി ശബ്ദം ഉയര്‍ത്താന്‍ കഴിയുമെന്ന് ഇത് ബോധ്യപ്പെടുത്തി. 2025 ഏപ്രില്‍ 22-ന് ഉണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അനന്തരഫലങ്ങളും ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ ഇന്ത്യയുടെ ശക്തമായ പ്രതികരണവും രാജ്യത്തിന്റെ വിദേശനയത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി. സൈനിക നടപടി അനിവാര്യമായിരുന്നു. തുടര്‍ന്നുള്ള നയതന്ത്ര ഇടപെടലുകള്‍ ആഗോള ധാരണകളെ രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര പിന്തുണ ഏകീകരിക്കുന്നതിലും ഒരുപോലെ നിര്‍ണായകമായിരുന്നു.

ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദുശക്തിയുടെ തന്ത്രപരമായ മൂല്യം, സുസ്ഥിരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നിവ ഇത്തരം സങ്കീര്‍ണമായ ആഗോളപരിതസ്ഥിതിയില്‍ ഇന്ത്യയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളായി വര്‍ത്തിക്കുമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര രാഷ്ട്രീയഭിന്നതകള്‍ മാറ്റിവെച്ച്, ദേശസുരക്ഷ, ഭീകരതയെ നേരിടല്‍ എന്നിവയില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിച്ചു.ഓപ്പറേഷന്‍ സിന്ദൂറിനുശേഷം രാജ്യത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത വിശ്വാസങ്ങളില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ (എംപിമാര്‍) ഉള്‍പ്പെടുന്ന പ്രതിനിധി സംഘങ്ങളുടെ ഘടന തന്നെ ശക്തമായ ഒരു സന്ദേശമായിരുന്നു”- തരൂർ ലേഖനത്തിൽ പറയുന്നു.

Related Articles

Latest Articles