Saturday, November 28, 2026

കവിയും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ സാഹിത്യകാരന്‍ പുതുശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായിരുന്നു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുക്കുന്നതില്‍ നിരന്തരം പ്രയത്‌നിച്ച വ്യക്തിയാണ്. തിരുവനന്തപുരത്തെ വസതിയില്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

മാവേലിക്കര താലൂക്കില്‍ വള്ളികുന്നം പകുതിയില്‍ 1928 സെപ്റ്റംബര്‍ 23ന് പോക്കാട്ടു ദാമോദരന്‍ പിള്ളയുടെയും ജാനകി അമ്മയുടെ മകനായി ജനിച്ചു. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂളിൽ നിന്ന് ശാസ്ത്രി പരീക്ഷ ജയിച്ചു (1946). ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്ന് ഇ.എസ്.എൽ.സി. (1946-49), കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇന്റർമീറ്റഡിയേറ്റ് (1949-51), യുനിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളം ഓണേഴ്സ്, തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ (1956). 1970-ൽ കേരള സർവകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടി.

1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്(1946-48) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നു പുറത്താക്കിയിട്ടുണ്ട്. 1948ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജിവച്ചു.

പിന്നീട് വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗമായി. 1950 ഡിസംബറിൽ എസ്.എൻ .കോളേജിലെ സമരത്തിന് നേതൃത്വപരമായ പങ്കുവഹിച്ച് അറസ്റ്റ് വരിക്കുകയും ജയിൽവാസം അനുഷ്ടിക്കുകയും ചെയ്തു. 1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാർടിയുടെ വള്ളികുന്നം-ശൂരനാട് സെക്രട്ടറിയായി മാറി. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷന് നേതൃത്വം നല്‍കി. കോളേജ് മാഗസിൻ എഡിറ്ററായും പ്രവര്‍ത്തിച്ചു.

1957ല്‍ അദ്ദേഹം അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 1967 വരെ കൊല്ലം എസ്.എൻ ‍. കോളേജിൽ അധ്യാപകനായിരുന്നു. 1967-69 കാലഘട്ടത്തില്‍ വർക്കല എസ്.എൻ ‍.കോളേജിൽ പ്രൊഫസർ, ഇന്ത്യൻ ഭാഷാവിഭാഗം മേധാവി എന്നീ പദവികള്‍ വഹിച്ചു. 1969-88: കേരള സർവ്വകലാശാല മലയാളവിഭാഗത്തിൽ റീഡർ, പ്രൊഫസർ. 1977-ല്‍ ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ പ്രധാന ശില്പിയും സംഘാടകനുമായും പ്രവര്‍ത്തിച്ചു. 1988-ല്‍ ഇന്റർനാഷനൽ സെന്റർ ഫോർ കേരള സ്റ്റഡീസ് ഡയറക്റ്ററായി.

വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ സാഹിത്യ രചന തുടങ്ങി. കവിതകൾക്കു പുറമെ ഭാഷാപഠനപ്രബന്ധങ്ങളും ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകള്‍, കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്ക്കിന്ധാ കാണ്ഡങ്ങൾ), പ്രാചീന മലയാളം (75ലിഖിതങ്ങൾ), കേരള പാണിനീയ വിമർശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

മഹാകവി മൂലൂർ അവാർഡ് (1998), മഹാകവി പി അവാർഡ് (1998), കേരള സാഹിത്യ അക്കാദമി അവാർഡ് (1999), മഹാകവി ഉള്ളൂർ അവാർഡ് (2000), കണ്ണശ്ശ സ്മാരക അവാർഡ് (2003), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2005), അബുദാബി ശക്തി അവാർഡ് (2006), എൻ .വി. കൃഷ്ണവാര്യർ അവാർഡ് (2008), കുമാരനാശാൻ അവാർഡ് (2008), വള്ളത്തോൾ പുരസ്കാരം (2008), കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2009), കേന്ദ്രസാഹിത്യ അക്കാദമിയുടെ ‘ഭാഷാസമ്മാൻ’ (2014), എഴുത്തച്ഛൻ പുരസ്കാരം (2015) തുടങ്ങിയ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Related Articles

Latest Articles