Monday, September 28, 2026

ലൈസന്‍സ് ഇല്ലാത്ത ബോട്ട് പിടിച്ചെടുക്കാന്‍ പരിശോധന, പോലീസ് നടപടി വെറും പ്രഹസനം

ആലപ്പുഴ: ലൈസന്‍സ് ഇല്ലാത്ത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ പൊലീസ് നടത്തിയ പരിശോധന അവസാനം പ്രഹസനമായി. സര്‍വീസ് നടത്തുന്നതില്‍ പകുതിയിലേറെ ബോട്ടുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിട്ടും ഒരെണ്ണം പോലും പിടികൂടാനായില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പുന്നമട, മുഹമ്മ എന്നിവടങ്ങളിലാണ് പൊലീസ് പരിശോധനയ്ക്ക് ഇറങ്ങിയത്. എന്നാല്‍ ആഢംബര ബോട്ടുകളില്‍ ഇരുന്നും കിടന്നും പരിശോധിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല.

പൊലീസ് പരിശോധനയ്ക്ക് എത്തുന്നു എന്ന വിവരം ഹൗസ് ബോട്ട് ഉടമകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.തുടര്‍ന്ന് ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ ആലപ്പുഴയ്ക്ക് പുറത്തേക്ക് ഉടമകള്‍ മാറ്റി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന തുടരുമെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, വേമ്പനാട്ട് കായലില്‍ കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായ ഹൗസ് ബോട്ടിന്റെ ഉടമയ്‌ക്കെതിരെ മുഹമ്മ പൊലീസ് ക്രിമിനല്‍ കേസെടുത്തേക്കും. ഏഴു വര്‍ഷം ലൈസന്‍സ് ഇല്ലാതെ വിനോദസഞ്ചാരികളുമായി ഈ ബോട്ട് കായല്‍ യാത്ര നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles