മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമായ സപ്ന ഗിൽ ഉയർത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന് കോടതിയെ അറിയിച്ച് പോലീസ്. മുംബൈയിലെ പബ്ബിൽവച്ച് പൃഥ്വി ഷാ ആക്രമിച്ചെന്നും ചൂഷണം ചെയ്തെന്നുമുള്ള നടിയുടെ പരാതിയിൽ തെളിവില്ലെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി റിപ്പോര്‍ട്ട് സമർപ്പിച്ചു.
എന്നാൽ പോലീസിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ നടിയുടെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ, പൃഥ്വി ഷാ സപ്നയെ ആക്രമിക്കുന്ന വിഡിയോ ഫോണിലുണ്ടെന്നും ഇതിന് പുറമെ പബ്ബിനു പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവകാശപ്പെട്ടു. ഇതോടെ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ട കോടതി കേസ് മാറ്റിവച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 15നു പുലർച്ചെയാണു മുംബൈയിലെ ആഡംബര ഹോട്ടലിനു മുന്നിൽവച്ച് പൃഥ്വി ഷായ്ക്കും സുഹൃത്തിനുമെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് വാഹനത്തിൽ കയറി രക്ഷപ്പെട്ടപ്പോൾ പിന്തുടര്‍ന്ന അക്രമി സംഘം സിഗ്നലിൽ വച്ച് വാഹനം തടയുകയും തല്ലിത്തകർത്തതായാണു പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയിലുള്ളത്. പരാതിയിൽ തൊട്ടടുത്ത ദിവസം തന്നെ സപ്ന ഗില്ലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തിറങ്ങിയതിനു പിന്നാലെ പൃഥ്വി ഷായും സുഹൃത്തും ചേര്‍ന്ന് പൊതു സ്ഥലത്തുവച്ച് അപമാനിച്ചെന്നും ശാരീരികമായി ആക്രമിച്ചെന്നുമാരോപിച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ സപ്ന കേസ് ഫയൽ ചെയ്തു.ലൈംഗികാതിക്രമം തെളിയിക്കുന്നതിന് മെഡിക്കൽ രേഖകളും പരാതിക്കൊപ്പം നടി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പുറമേ താൻ പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന എയർപോർട്ട് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്കെതിരെയും നടി കോടതിയെ സമീപിച്ചിട്ടുണ്ട്.

