കോഴിക്കോട്: ട്രെയിനിൽ വച്ച് എ.എസ്.ഐയുടെ മർദനമേറ്റ യാത്രക്കാരൻ പൊന്നൻ ഷമീർ(40) അറസ്റ്റിൽ. ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനാണ് ഷമീറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ കൂത്തുപറമ്പ് നിർമ്മലഗിരി സ്വദേശിയാണ്. ഇക്കഴിഞ്ഞ ദിവസം മാവേലി എക്‌സ്പ്രസ്സിൽ (Police Assault In Maveli Express) വച്ചാണ് ഇയാൾക്ക് റെയിൽവേ പോലീസിലെ എ.എസ്.ഐയുടെ മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് ഷമീർ പിടിയിലായത്. പീഡനക്കേസിൽ അടക്കം പ്രതിയാണ് ഷമീർ. ഇതിന് പുറമെ മാല പൊട്ടിക്കൽ, ഭണ്ഡാര കവർച്ച തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. ചില കേസുകളിൽ ഇയാൾ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഷമീറിനെ എ.എസ്.ഐ ബൂട്ട് ഇട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇത് വലിയ വിവാദമായിരുന്നു. ഞായറാഴ്ച മാവേലി എക്‌സ്പ്രസിലെ എസ്ടു കോച്ചിൽ വച്ചാണ് ടിക്കറ്റ് എ.എസ്.ഐ എം.സി.പ്രമോദ് ഷമീറിനെ ചവിട്ടി വീഴ്‌ത്തിയത്.

