Monday, May 20, 2024
spot_img

നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് നോട്ടീസ് നൽകി പോലീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; നടപടി കോടതി ഇടപെടലിനും ഒരു മാസത്തിന് ശേഷം

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ റോഡിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിനും എസ്കോർട്ട് ഉദ്യോഗസ്ഥർ സന്ദീപിനും നോട്ടീസ് നൽകി പോലീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ആലപ്പുഴ പോലീസ് നേരിട്ട് തിരുവനന്തപുരത്ത് എത്തിയാണ് നോട്ടീസ് നൽകിയത്. പ്രതിഷേധക്കാരെ നിയമവിരുദ്ധമായി ആക്രമിച്ചതിന് കേസെടുക്കാൻ നേരത്തെ കോടതി നിർദേശമുണ്ടായിരുന്നു. കോടതി ഇടപെടലിനും ഒരു മാസം കഴിഞ്ഞാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്.

സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചേർത്തിരിക്കുന്നതെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആലപ്പുഴയിൽ നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ച ബസ് കടന്നുപോകുമ്പോൾ റോഡരികിൽ നിന്ന് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ലോക്കൽ പോലീസ് ഇവരെ പിടിച്ച് മാറ്റിയതിന് ശേഷമാണ് പിന്നാലെ വന്ന എസ്കോർട്ട് വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിലും സംഘവും പ്രതിഷേധക്കാരെ ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചത്.

Related Articles

Latest Articles