Saturday, December 20, 2025

പണം മാറ്റിയത് തന്നെ ? ഇന്നലെ പരിശോധന നടന്ന കെ പി എം റീജൻസിയിൽ വീണ്ടും പോലീസ് സംഘത്തിന്റെ പരിശോധന; അന്വേഷണം സി സി ടി സി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്; ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

പാലക്കാട്: കള്ളപ്പണം എത്തിച്ചെന്ന വിവരത്തെ തുടർന്ന് ഇന്നലെ പരിശോധന നടത്തിയ ഹോട്ടലിൽ വീണ്ടും പോലീസ് സംഘത്തിന്റെ പരിശോധന. പണം മാറ്റിയതുതന്നെ എന്ന നിഗമനത്തിലാണ് പോലീസ്. അതുകൊണ്ടുതന്നെ അന്വേഷണ സംഘം സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിരിക്കുന്നു. സൈബർ പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഹോട്ടലിൽ എത്തിയിട്ടുള്ളത്. സിസിടിവി ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു. ഹോട്ടലിലേക്ക് കൊണ്ടുവന്നു എന്ന് കരുതുന്ന നീല ട്രോളിയെ കുറിച്ചുള്ള വിവരങ്ങളാകും ഇനി അന്വേഷണത്തിൽ നിർണ്ണായകമാവുക.

ഇന്നലെ അർദ്ധരാത്രിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കെ പി എം റീജൻസിയിൽ പോലീസ് പരിശോധന നടന്നത്. കോൺഗ്രസ് നേതാക്കൾ പരിശോധന തടഞ്ഞതോടെയാണ് കാര്യങ്ങൾ സംഘർഷത്തിലേക്ക് പോയത്. വനിതാ ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ പരിശോധനാ സംഘത്തിൽ ഇല്ലായിരുന്നു എന്നും ആരോപിച്ചായിരുന്നു കോൺഗ്രസ് നേതാക്കൾ റെയ്‌ഡ്‌ തടഞ്ഞത്. എന്നാൽ വനിതാ നേതാക്കളുടെ മുറി പരിശോധിക്കാൻ വനിതാ പോലീസ് എത്തിയിരുന്നു. സംഘത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് ഉണ്ടായിരുന്നതായും ജില്ലാ കളക്ടർ പിന്നീട് പറഞ്ഞിരുന്നു.

പണം ഹോട്ടലിന്റെ കോൺഫെറൻസ് ഹാളിൽ കൊടുവന്നതായും ജ്യോതികുമാർ ചാമക്കാല, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്നും സിപിഎം ആരോപിക്കുന്നു. വ്യാജ ഐ ഡി നിർമ്മിച്ച കേസിലെ പ്രതിയാണ് പണം എത്തിച്ചത് എന്നും അവർ ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തെരഞ്ഞെടുപ്പ് ഐ ഡി ഉണ്ടാക്കിയ കേസിൽ സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം കൂട്ടുപ്രതിയായ ഫെനിയാണ് പണം എത്തിച്ചത് എന്ന് ദൃക്‌സാക്ഷി മൊഴികളുമുണ്ട്. ഈ സാഹചര്യത്തിൽ സി സി ടി വി ദൃശ്യങ്ങൾ നിർണ്ണായകമാകുകയാണ്.

Related Articles

Latest Articles