Saturday, October 3, 2026

പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചു എന്നതിന് ഉറപ്പ്; പണം അതിവിദഗ്‌ധമായി മാറ്റി; തെളിവുകൾ അല്പസമയത്തിനുള്ളിലൽ പുറത്തുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചു എന്നത് ഉറപ്പാണെന്നും അതിന്റെ തെളിവുകൾ ഉടൻ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പണം അതി വിദഗ്‌ധമായി മാറ്റിയതായിരിക്കാം. എന്നാൽ പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അത് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന റെയ്‌ഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനെത്തിയതായിരുന്നു എം വി ഗോവിന്ദൻ.

വ്യാജ രേഖ നിർമ്മാണക്കേസിൽ ഒന്നാം പ്രതിയായ ഫെനിയുടെ സാന്നിധ്യം കെ പി എം റീജൻസിയിലുണ്ടായിരുന്നു. നീലപ്പെട്ടിയിൽ പണം കൊണ്ടുപോയതായി ദൃക്‌സാക്ഷി മൊഴികളുണ്ട്. പൊലീസിന്റെ കയ്യിൽ അതിന് വേണ്ടത്ര തെളിവുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു കോൺഗ്രസ് നേതാക്കളടക്കം താമസിക്കുന്ന ഹോട്ടലായ കെ പി എം റീജൻസിയിൽ പോലീസ് പരിശോധന നടന്നത്. സിപിഎം ബിജെപി നേതാക്കളടക്കം എല്ലാവരുടെയും മുറികളിൽ പരിശോധന നടന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കൾ പരിശോധന തടയുകയായിരുന്നു. മുഴുവൻ മുറികളും പരിശോധിച്ചില്ലെന്നും പണം മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നും ബിജെപി ആരോപിച്ചിരുന്നു. ഇന്ന് റെയ്‌ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചിരുന്നു.

Related Articles

Latest Articles