പാലക്കാട്: രാഷ്ട്രീയ സ്വയം സേവക സംഘം മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി, തൃത്താല മേഖലകളിലെ എസ് ഡി പി ഐ ഓഫീസുകളിൽ പോലീസ് റെയ്‌ഡ്. മേഖലയിലെ എസ്.ഡി.പി.ഐ. നേതാക്കളുടെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം. കഴിഞ്ഞദിവസം പാലക്കാട്ടെ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് റെയ്്ഡ് നടത്തിയിരുന്നു. കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ പിടിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ശംഖുവാരത്തോട് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാംഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകികൾക്ക് സഹായം നൽകിയതും ആയുധങ്ങൾ പള്ളിയിൽ സൂക്ഷിച്ചതും ഇയാളാണെന്നും റിപ്പോർട്ടുകളുണ്ട് അതുകൊണ്ടുതന്നെ പ്രതികളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ സദ്ദാം ഹുസ്സൈനിൽ നിന്ന് ലഭിച്ചതായാണ് വിവരം. ഈ വിവരങ്ങളനുസരിച്ചാണ് പാലക്കാട് ജില്ലയിൽ എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസ് റെയ്‌ഡ് നടക്കുന്നത്.
അതേസമയം, ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കാളിയായ ഫയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം ഐ.ജി. അശോക് യാദവും ഞായറാഴ്ച സ്ഥിരീകരിച്ചു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

