തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് പുതിയ ആവശ്യവുമായി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും പൊലീസ് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകള്‍ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാന്‍ കോടതി ചേര്‍ന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന്ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭയിലെ കയ്യാങ്കളിക്കിടെ പരിക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എംഎല്‍എമാരായ ജമീല പ്രകാശവും കെകെ ലതികയും കോടതിയെ സമീപിച്ചിരുന്നു.

