Monday, June 17, 2024
spot_img

അന്താരാഷ്‌ട്ര അവയവക്കടത്തിൽ ഭീകരബന്ധം വെളിവാക്കുന്ന കൂടുതൽ സൂചനകൾ പുറത്ത് ! പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കശ്മീരിൽ നിന്നുൾപ്പെടെ പണമെത്തി; പണമിടപാടിന് ഷെൽ കമ്പനികളും

കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ അക്കൗണ്ടിലേക്ക് കശ്മീരിൽ നിന്നടക്കം പണമെത്തിയതായി സൂചന. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയും ഇരകളെ ഇറാനിലേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. മുഖ്യ പ്രതികളായ കൊച്ചി സ്വദേശി മധുവും, തൃശ്ശൂർ സ്വദേശി സാബിത്തും ചേർന്നാണ് ഇരകളെ വിദേശത്തേക്ക് കടത്തിയത്. അവയവദാനത്തിലൂടെ പ്രതികൾക്ക് കോടികളാണ് കിട്ടിയത്. പണമിടപാട് നടത്താൻ ഉപയോഗിച്ചത് മധുവിന്റെ ഷെൽ കമ്പനികളെയാണ്. അക്കൗണ്ടുകൾ കസ്റ്റഡിയിലുള്ള മൂന്നാമനായ സജിത്ത് ശ്യാമിന്റെ പേരിലും. കൊച്ചിയിൽ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചുവെന്നും അന്വേഷണ സംഘം പറയുന്നു. അതുകൊണ്ടുതന്നെ കൂടുതൽ മലയാളികൾ അറസ്റ്റിലാകാൻ സാധ്യതയുണ്ട്.

സാബിത്ത് നാസറിന്റെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസത്തിലേക്ക് കടന്നു. മറ്റു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എൻ ഐ എ, സിബിഐ സംഘങ്ങളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. അവയവക്കടത്ത് മാഫിയയ്ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നാണ് കേന്ദ്ര ഏജൻസികൾ പരിശിധിക്കുന്നത്. അതേസമയം അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുകയാണ് പോലീസ്. കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് വരവേ നെടുമ്പാശ്ശേരിയിൽ നിന്നാണ് സാബിത്ത് നാസർ പിടിയിലാകുന്നത്. സാബിത്ത് നാസറിന്റെ അറസ്റ്റാണ് അവയവ മാഫിയയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിലേക്ക് നയിച്ചത്. വൻ തുക വാഗ്ദാനം നൽകി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അവയവ കച്ചവടത്തിന് പ്രേരിപ്പിക്കുകയും അവരെ ആദ്യം കുവൈറ്റിലും പിന്നീട് ഇറാനിലും എത്തിച്ച് ശസ്ത്രക്രിയ നടത്തുകയുമാണ് സംഘത്തിന്റെ പ്രവർത്തന രീതി. അവയവങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വൻതുകയ്ക്ക് മറിച്ചു വിൽക്കുകയും ചെറിയ തുകകൾ നൽകി ദാദാക്കളെ കബളിപ്പിക്കുകയുമായിരുന്നു.

Related Articles

Latest Articles