തിരുവന്തപുരം: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുൽ സത്താറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരെയാണ് റിമാൻഡ് കാലാവധി. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് അബ്ദുൽ സത്താറിനെ റിമാൻഡ് ചെയ്തത്.
പിഎഫ്ഐ ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം . ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും നിർദ്ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

