Monday, May 20, 2024
spot_img

കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത

കാസര്‍ഗോഡ്: കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യത. കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയസാഹചര്യത്തിലാണിത്. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടന്നേക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ഇന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറത്തു വരുമെന്നാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ന്് തന്നെ റീപോളിംഗ് നടന്നേക്കും എന്നാണ് സൂചന. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.

കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ പുതിയറയിലെ 48-ാം നമ്പര്‍ ബൂത്ത് എന്നീ നാല് ബൂത്തുകളിലാവും റീപോളിംഗ് നടക്കാന്‍ സാധ്യത.

ബൂത്തുകളെല്ലാം കണ്ണൂര്‍ ജില്ലയിലാണെങ്കിലും ഇവയെല്ലാം തന്നെ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.

Related Articles

Latest Articles