തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് മന്ത്രി ജി ആർ അനിൽ. പൊലീസ് (Police) കൂടുതൽ ജാഗ്രതയോടെ നീങ്ങണം. ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നു എന്നും മന്ത്രി പ്രതികരിച്ചു.
പൊലീസ് ജാഗ്രതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായതിനെ വളരെ ഗുരുതരമായിട്ടാണ് കാണുന്നത്. ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേസമയം പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി പോത്തൻകോട് വച്ചാണ് നടുറോട്ടിൽ ആൾക്കൂട്ടം നോക്കിനിൽക്കെ കാർ തടഞ്ഞിട്ടാണ് അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്.

