Saturday, January 3, 2026

പൗർണ്ണമിത്തിളക്കത്തിൽ ശനീശ്വരന് പ്രാണപ്രതിഷ്ഠ! വാഹനമായ കാക്കയുടെ പ്രതിഷ്ഠയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു; പൗർണ്ണമിക്കാവിൽ പടകാളിയമ്മയെ ദർശിക്കാൻ ആയിരങ്ങളെത്തി

വെങ്ങാനൂർ: തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ വൻ ഭക്തജന സാന്നിധ്യത്തിൽ ശനീശ്വര പ്രതിഷ്ഠ നടന്നു. 20 ടൺ ഭാരവും 18 അടി ഉയരവുമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠാ കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് ലോക പ്രശസ്ത ശനീശ്വര ക്ഷേത്രമായ മഹാരാഷ്ട്രയിലെ ഷിഗ്നാപ്പൂർ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻമാരായ സഞ്ജയ് പത്മാകർ ജോഷി, സന്ദീപ് ശിവാജി മുല്യ ,വിശ്വനാഥ് ബ്രഹ്മചാരി തുടങ്ങി പ്രമുഖ ആചാര്യന്മാരാണ്. ശനീശ്വരനോടൊപ്പം വാഹനമായ കാക്ക വിഗ്രഹത്തിന്റെ പ്രതിഷ്ഠയും നടന്നു. 45 അടി ഉയരത്തിലുള്ള ശ്രീകോവിലിലാണ് ശനീശ്വര പ്രതിഷ്ഠ. കൃഷ്ണശിലയിൽ കൊത്തുപണികളുള്ള തൂണുകളും. തേക്കുതടിയിൽ തീർത്ത മേൽക്കൂരയിൽ ചെമ്പുപാളി പൊതിഞ്ഞുമാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.

മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയാണ് ശ്രീകോവിൽ സമർപ്പിച്ചിരിക്കുന്നത്. മഠാധിപതി സിൻഹ ഗായത്രിയും ക്ഷേത്ര ഭാരവാഹികളുടെയും സാന്നധ്യത്തിൽ നടന്ന ചടങ്ങിൽ മുൻ ഐ എസ് ആർ ഒ ചെയർമാൻ മാധവൻ നായർ അടക്കമുള്ള വിശിഷ്ടാതിഥികളും പങ്കെടുത്തു. ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് ഇന്നലെ ക്ഷേത്രത്തിലെത്തി താഴികക്കുടം സമർപ്പിച്ചിരുന്നു. രാവിലെ പത്തുമണിക്ക് ആരംഭിച്ച ചടങ്ങുകൾ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്.

അമ്പത്തൊന്ന് അക്ഷര ദേവതകളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് പൗർണ്ണമിക്കാവ്. ഉപദേവതകളായ പഞ്ചമുഖ ഗണപതിയുടെയും നാഗങ്ങളുടെയും പ്രതിഷ്ഠകൾ വേറിട്ട് നിൽക്കുന്നതാണ്. ആദിപരാശക്തിയുടെയും, ദുർഗ്ഗയുടെയും, രാജമാതംഗിയുടെയും, ശനീശ്വരന്റെയും ഇവരുടെയെല്ലാം വാഹനങ്ങളുടെയും വിഗ്രഹങ്ങൾ രാജസ്ഥാനിൽ പണികഴിപ്പിച്ച് ക്ഷേത്ര സന്നിധിയിൽ എത്തിച്ചിരുന്നു. ഇതിൽ ശനീശ്വര പ്രതിഷ്ഠയാണ് ഇന്ന് നടന്നത്.

Related Articles

Latest Articles