കിഴക്കേക്കല്ലട: പുതിയിടത്ത് ശ്രീപാർവ്വതീ ക്ഷേത്രത്തിന്റെ പുനഃ പ്രതിഷ്‌ഠാ മഹോത്സവമായ അപർണ്ണോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ധീര ദേശാഭിമാനി വേലുത്തമ്പി ദളവയെ തേടിയെത്തിയ ബ്രിട്ടീഷ് സൈന്യം തകർത്തു എന്ന് കരുതപ്പെടുന്ന, എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണ് പുതിയിടം ശ്രീപാർവ്വതി ക്ഷേത്രം. വർഷങ്ങൾ നീണ്ട നാശോന്മുഖമായ അവസ്ഥയ്ക്ക് ശേഷം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പിന്തുണയോടെ പ്രദേശവാസികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പുനരുദ്ധാരണം ചെയ്‌ത് പ്രതിഷ്ഠയ്ക്ക് തയ്യാറെടുക്കുകയാണ്. 2025 മെയ് 03 മുതൽ 12 വരെ നടക്കുന്ന അപർണ്ണോത്സവത്തിന് ശനിയാഴ്ച തുടക്കമായി. മെയ് 9 വെള്ളിയാഴ്ചയാണ് പ്രതിഷ്‌ഠ.
10 ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സാംസ്കാരിക ഉത്സവത്തിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രഗത്ഭർ അതിഥികളായെത്തും. കൊളത്തൂർ അദ്വൈതാശ്രമ മഠാതിപതി സ്വാമി ചിദാനന്ദപുരി, സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, ശക്തിപാദ അദ്വൈതാശ്രമത്തിലെ സ്വാമിനി ഗുരുപ്രിയ ആനന്ദമയീ ദേവി, സ്വാമിനി ദിവ്യാനന്ദപുരി , താമരക്കുടി ജ്ഞാന കുടീരത്തിലെ സ്വാമിനി മായ ശാരദാനന്ദ സരസ്വതി, സ്വാമിതി ഗീതാ ശാരതാനന്ദ സരസ്വതി, ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിയ നിരവധി സന്ന്യാസി ശ്രേഷ്ടർ ഉത്സവ വേദിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഗോവാ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, RSS ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം.രാധാകൃഷ്ണൻ, മുതിർന്ന RSS പ്രചാരകൻ എസ്. സേതുമാധവൻ, കേസരി പ്രത്രാധിപർ ഡോ. N R മധു, Adv. ശങ്കു T ദാസ്, K രാഹുൽ, കേരളം ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് പ്രൊഫ. നാരയണ ഭട്ടത്തിരിപ്പാട് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
ശനിയാഴ്ച വൈകുന്നേരം 4.30 ന് പ്രതിഷ്ഠാ ശോഭായാത്രയോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. ഇന്നത്തെ ആത്മീയ സദസ്സിൽ സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 6.26 നും 7.02 നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ പ്രതിഷ്‌ഠാ കർമ്മം നടക്കും. ക്ഷേത്രം തന്ത്രി മുടുപ്പിലാപ്പള്ളി മഠം ബ്രഹ്മശ്രീ വാസുദേവ സോമയാജിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ദേവി ശ്രീപാർവ്വതിയുടെ വിഗ്രഹ പുനപ്രതിഷ്ഠ ചടങ്ങുകൾ പുരോഗമിക്കുന്നത്. മെയ് 12 ന് നടക്കുന്ന അപർണ്ണോത്സവം സമാപന സമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്യും.

