Monday, October 19, 2026

താൻ തന്നെ അദ്ധ്യക്ഷസ്ഥാനത്തിരിക്കും ! പാർട്ടിയെ നയിക്കും ; ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് കെ. സുധാകരൻ! പാർട്ടിയിൽ അസാധാരണ സാഹചര്യം

കെപിസിസിക്ക് പുതിയ അദ്ധ്യക്ഷൻ വരുമെന്ന പ്രചാരണങ്ങൾ തള്ളി കെ. സുധാകരൻ. അദ്ധ്യക്ഷനെ മാറ്റുമെന്ന തരത്തിൽ ചർച്ച നടന്നിട്ടില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും അദ്ധ്യക്ഷസ്ഥാനത്തിരുന്ന് താൻതന്നെ പാർട്ടിയെ നയിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു. കെപിസിസി അദ്ധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും എങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കെ സുധാകരൻ പറഞ്ഞിരുന്നത്.

കഴിഞ്ഞദിവസം കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരനെ ദില്ലിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയിൽ കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് വിജയങ്ങളും ചൂണ്ടിക്കാണിച്ചതല്ലാതെ സ്ഥാനമൊഴിയുന്നതിൽ വലിയ എതിർപ്പൊന്നും സുധാകരൻ പ്രകടിപ്പിച്ചില്ലെന്നാണ് സൂചന.

സംസ്ഥാനത്തെ കോൺഗ്രസ് നേതൃനിരയിൽ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പുതിയ നേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട് . ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം നേരത്തെ തന്നെ രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇപ്പോൾ താൻതന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles