കോട്ടയം: ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്‌ത ജനസംഘടനകളുമായി ചേര്‍ന്നു തടയുമെന്ന് ശബരിമല ധര്‍മ്മ സംരക്ഷണസമിതി കണ്‍വീനറും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍. ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നിലവില്‍ ഉപയോഗിക്കുന്ന ഈ വസ്‌തുക്കള്‍ തിരിച്ചുപിടിച്ച് ആചാരാനുഷ്‌ഠാനങ്ങളെ തകര്‍ക്കുകയാണു സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡയെന്നും പ്രയാര്‍ പറഞ്ഞു.
ദേവസ്വം വസ്‌തുക്കളില്‍ ഭൂരിഭാഗവും പാരമ്പര്യമായി നികുതി ഒഴിവാക്കി വിട്ടുകിട്ടിയതാണ്. ഈ അവസ്‌ഥ മുതലെടുത്താണ് രേഖകളില്ലാത്ത ക്ഷേത്രവസ്‌തുക്കള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേവസ്വം വസ്‌തുവിനു സമീപത്തെ മിച്ചഭൂമി, പാറ തരിശ് തുടങ്ങിയ വസ്‌തുക്കള്‍ ദേവസ്വത്തിന്റേതായി കണക്കാക്കി ക്ഷേത്ര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന കോടതിയുടെ നിര്‍ദ്ദേശം നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

