തിരുവനന്തപുരം: പുതിയ കെ പി സി സി അദ്ധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാൻ സാധ്യത. നിലവിലെ അദ്ധ്യക്ഷൻ കെ സുധാകരനെ മാറ്റും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. സുധാകരനെ മാറ്റാൻ ചില ക്രിസ്ത്യൻ മത മേലദ്ധ്യക്ഷന്മാർ കോൺഗ്രസ് ഹൈക്കമാൻഡിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് റിപ്പോർട്ട്. ആന്റോ ആന്റണിക്ക് വേണ്ടി 5 ബിഷപ്പുമാർ രംഗത്തുണ്ട്. ക്രിസ്ത്യൻ വോട്ട് ബിജെപിയിലേക്ക് ഒഴുകുന്നത് തടയാൻ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവ് കെ പി സി സി അദ്ധ്യക്ഷനാകണം എന്നാണ് ചില മതമേലദ്ധ്യക്ഷന്മാരുടെ ആവശ്യം.
ആരുവിചാരിച്ചാലും തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെ മാറ്റാൻ കഴിയില്ലെന്ന് സുധാകരൻ ഇന്നലെ പരസ്യ പ്രതികരണം നടത്തിയിരുന്നു. അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ സുധാകരൻ തയ്യാറായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് താൻ അദ്ധ്യക്ഷനായി ചുമതല ഏറ്റെടുത്തത്. അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് വിജയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വൻ വിജയം നേടി. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും താൻ തന്നെ പാർട്ടിയെ നയിക്കും എന്നായിരുന്നു സുധാകരന്റെ നിലപാട്.
സുധാകരന്റെ പരസ്യപ്രസ്താവനയിലൂടെ പ്രതിസന്ധിയിലായ ദേശീയ നേതൃത്വം അദ്ദേഹവുമായി ചർച്ചകൾ നടത്തിയെന്നും നേതൃമാറ്റത്തിന് അനിവാര്യത അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നുമാണ് സൂചന. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അനൈക്യം യു ഡി എഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന് മുസ്ലിം ലീഗടക്കമുള്ള ഘടകകക്ഷികൾ നേരത്തെ നിലപാടെടുത്തിരുന്നു. നേതൃമാറ്റ ചർച്ചകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

