Tuesday, May 14, 2024
spot_img

രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി ; കൊച്ചിയിൽ രാഷ്ടപതിക്ക് ഊഷ്മള വരവേൽപ്പ്

കൊച്ചി : കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മള വരവേൽപ്പ് . വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ എത്തിച്ചേർന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി.തിയോഫിലസ്, ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശനത്തോടെയാകും രാഷ്ട്രപതിയുടെ കേരളത്തിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും . നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ’ (പ്രത്യേക നാവിക പതാക) ദ്രൗപദി മുർമു സമ്മാനിക്കും.

ഇതിനു ശേഷം തിരുവനന്തപുരത്തേക്കു പോകുന്ന രാഷ്ട്രപതി ഹയാത്ത് റീജൻസി ഹോട്ടലിൽ വിശ്രമിക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. 11.35 ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. 18നു രാവിലെ 10.10 ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രം സന്ദർശിക്കും.ശേഷം 11.30നു തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം 1.30നു ലക്ഷദ്വീപിലേക്കു പോകും. അവിടെനിന്ന് 21ന് 12.30നു കൊച്ചിയിൽ തിരികെയെത്തി ദില്ലിയിലേക്ക് മടങ്ങും.

Related Articles

Latest Articles