Wednesday, January 7, 2026

എം.ടിയുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി!! മലയാളത്തിന്റെ മഹാ എഴുത്തുകാരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ദില്ലി : മലയാളത്തിന്റെ പെരുന്തച്ചൻ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. എം.ടി വാസുദേവൻ നായരുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നുവെന്നും ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളിൽ സജീവമായിരുന്നതായും രാഷ്ട്രപതി ദ്രൗപദി മുര്‍മു സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.

‘പ്രശസ്ത മലയാള എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായിരുന്നു. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്‌ക്ക് വിലപ്പെട്ട സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്‌ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.

കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് എം ടി വാസുദേവൻ നായർ വിടവാങ്ങിയത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്നലെ വൈകുന്നേരത്തോടെ വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു

Related Articles

Latest Articles