ദില്ലി: അഭിമാന നേട്ടത്തിൽ തിളങ്ങി നിൽക്കുകയാണ് ഇന്ത്യ. ലോക ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് വെള്ളിമെഡൽ ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയൊരു വിജയം ഇന്ത്യക്ക് സമ്മാനിച്ച ജാവലിന്‍ താരം നീരജ് ചോപ്രക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ വലിയ നേട്ടത്തിൽ സന്തോഷം പങ്കുവച്ചും താരത്തെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ‘നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്’ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്.
‘നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമാണ് ഒറിഗോണ്‍ മീറ്റിലെ വെള്ളി മെഡല്‍ നേട്ടം. വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് നീരജ് ചോപ്രയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
അതേസമയം, മെഡല്‍ നേട്ടത്തില്‍ രാജ്യത്തിന്‍റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ജാവലിൻ താരം നീരജ് ചോപ്ര. കായിക താരങ്ങള്‍, ആരാധകര്‍ തുടങ്ങി നിരവധി പേര്‍ നീരജിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ്.

