സിഡ്‌നി: ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വമ്പൻ സ്വീകരണം. പ്രധാനമന്ത്രി പ്രസംഗിച്ച സിഡ്‌നിയിലെ പൊതുപരിപാടിയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന് കാതോർക്കുവാൻ ഒഴുകിയെത്തിയത് വൻ ജനക്കൂട്ടമാണ്. പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ബ്രിസ്‌ബെയ്‌നില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി സമാനതകളാണെന്ന് മോദി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കുവെയ്ക്കുന്ന ഊഷ്മളമായ ബന്ധത്തെ നിര്‍വചിക്കുന്നത് മൂന്ന് ‘സി’കളും മൂന്ന് ‘ഡി’കളും മൂന്ന് ‘ഇ’കളും ആണെന്ന് മോദി പറഞ്ഞു.
‘നേരത്തെ ഇന്ത്യയെ ഓസ്‌ട്രേലിയയുമായി ബന്ധിപ്പിക്കുന്നത് കോമണ്‍വെല്‍ത്ത്, ക്രിക്കറ്റ്, കറി എന്നീ മൂന്ന് ‘സി’കളായിരുന്നെങ്കില്‍ പിന്നീട് അത് ഡെമോക്രസി, ഡയസ്‌പോറ, ദോസ്തി (ജനാധിപത്യം, പ്രവാസികള്‍, സൗഹൃദം) എന്നീ മൂന്നു ‘ഡി’കളായി. എന്നാല്‍, ഇന്ന് നമ്മുടെ ബന്ധം എനര്‍ജി, ഇക്കോണമി, എജ്യൂക്കേഷന്‍ (ഊര്‍ജം, സാമ്പത്തികം, വിദ്യാഭ്യാസം) എന്നീ മൂന്നു ‘ഇ’കളില്‍ എത്തി നില്‍ക്കുന്നു. എന്നാല്‍, ഇതിനുമപ്പുറം പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണ് നമ്മുടെ ബന്ധം നിലനിര്‍ത്തുന്നത്’, മോദി പറഞ്ഞപ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടം ആർപ്പുവിളിച്ചു.
‘രണ്ടു രാജ്യങ്ങളിലേയും ജീവിതരീതി വ്യത്യസ്തമായിരിക്കാം. എന്നാല്‍ യോഗയും ക്രിക്കറ്റും ടെന്നീസും സിനിമയുമെല്ലാം ഇരുവരേയും ബന്ധിപ്പിക്കുന്ന വസ്തുതകളാണ്’, എന്നാൽ അതിനുമപ്പുറത്തും ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജരാണ് അതിന് ശക്തി പകരുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മോദി എവിടെയെത്തുമ്പോഴും റോക്ക് സ്റ്റാര്‍ പരിവേഷമാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദിയാണ് എപ്പോഴും ബോസ് എന്നും ആല്‍ബനീസ് കൂട്ടിച്ചേര്‍ത്തു.

