Sunday, May 19, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിലേക്ക്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ഇന്ന് പുറപ്പെടും. പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദം,സിവിൽ ന്യൂക്ലിയർ എനർജി എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ച നടത്തും.

വ്യാഴാഴ്ച വൈകീട്ടോടെ ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ഉടൻ തന്നെ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. പാരീസിൽ നിന്ന് 60 കിലോമീറ്റർ അകലെ ഒയിസിൽ സ്ഥിതി ചെയ്യുന്ന 19ാം നൂറ്റാണ്ടിലെ സ്ഥലമായ ചാറ്റോ ഡി ചാന്‍റിലിയിൽ പ്രധാനമന്ത്രി മോദിയ്ക്ക് അത്താഴ് വിരുന്ന് ഒരുക്കും.

ഫ്രാൻസിലേക്കുളള ഉഭയകക്ഷി സന്ദർശനവും, ജി-7 ഉച്ചകോടിയിലേക്കുളള ക്ഷണവും ഇന്ത്യയും-ഫ്രാൻസും തമ്മിലുളള ശക്തമായ പങ്കാളിത്തത്തിന്‍റെയും ഉന്നതതല രാഷ്ട്രീയ ബന്ധങ്ങളുടെയും പാരമ്പര്യത്തിന് അനുസൃതമാണെന്ന് വിദേശകാര്യമന്ത്രാലയും അറിയിച്ചു. ഭീകരവാദത്തിനെതിരായ പ്രതിരോധമാണ് സന്ദർശനത്തിലെ പ്രധാന അജണ്ട. പാരീസിൽ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് മുന്നോടിയായാണ് മോദി ഫ്രാൻസ് സന്ദർശിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കശ്മീർ വിഷയത്തിൽ ഫ്രാൻസ് ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം, ധനസഹായം, ഹരിത സാങ്കേതിക വിദ്യകൾക്കായുളള സഹകരണം,നിർദ്ദിഷ്ട റോഡ് മാപ്പ്, ഡിജിറ്റൽ , സൈബർ രംഗം തുടങ്ങി വിവിധ മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ നടത്തും. പുതിയ കരാറുകളിൽ ഒപ്പ് വയ്ക്കും. ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തിലും പുതിയ കരാറുകൾ പ്രതീക്ഷിക്കുന്നുണ്ട്.

പ്രതിരോധ സഹകരണത്തെ കുറിച്ച് ചർച്ച ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ജയ്പൂരിലെ ആണവ റിയാക്ടറുകളുടെ പ്രശ്‌നവും ഉയർന്ന് വന്നേക്കാം. ഇറാൻ, അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയ, തീവ്രവാദ ധനസഹായം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

Related Articles

Latest Articles