Wednesday, May 15, 2024
spot_img

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സജ്ജരാക്കും; മുന്നണിപോരാളികൾക്ക് പ്രത്യേക പരിശീലനം നൽകാൻ മോദി സർക്കാർ

ദില്ലി: കോവിഡ്19 മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള ‘കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പ്രോഗ്രാം’ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വീഡിയോ കോൺഫറൻസിങിലൂടെയാണ് പരിപാടിയുടെ ഉദ്‌ഘാടനം. രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തുടനീളം കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനാണ് കേന്ദ്ര സർക്കാർ പ്രത്യേക പരിശീലന പരിപാടി ആരംഭിക്കുന്നതെന്ന്‌ വ്യക്തമാക്കി. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ ചടങ്ങിൽ പങ്കെടുക്കും.

രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം “കോവിഡ് യോദ്ധാക്കളുടെ” നൈപുണ്യം ഉയർത്താനാണ് പരിപാടി ലക്ഷ്യമിടുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ ഉപകരണ സപ്പോർട്ട് എന്നിങ്ങനെ ആറ് റോളുകളിലാണ് പരിശീലനം നൽകുക. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കേന്ദ്ര ഘടകത്തിന് കീഴിലുള്ള ഒരു പ്രത്യേക പദ്ധതിയായാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 276 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരെ ഈ പരിപാടിയിലൂടെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിക്ക് കീഴിൽ നേരത്തെ 175,000 ലക്ഷം പേർക്ക് ആരോഗ്യമേഖലയിൽ പരിശീലനം നൽകിയിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ മന്ത്രാലയം 150,000 പേർക്കും പരിശീലനം നൽകിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles