Friday, December 19, 2025

ജനം വലയുന്നു; സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്, പിന്‍മാറാതെ ബസ്സുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാവുന്നതുവരെ സമരം തുടരുമെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനകൾ ആരോപിക്കുന്നത്.

നാലാം ദിവസത്തിലേക്ക് സമരം നീങ്ങുമ്പോഴും ഒരു ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യറാകുന്നില്ലെന്നും ബസ് ഉടമകള്‍ വിമര്‍ശിക്കുന്നു. പരീക്ഷാ കാലത്ത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

നിരക്ക് വര്‍ധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും വൈകാതെ നിരക്ക് കൂട്ടുമെന്നും പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിക്കുന്നില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വിമര്‍ശിച്ചു.

അതേസമയം, സര്‍ക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്ന് ബസുടമകള്‍ പറഞ്ഞു. ഗതാഗതവകുപ്പ് മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിതെന്നും മന്ത്രിക്ക് ചിറ്റമ്മ നയമാണെന്നും ബസ്സുടമകള്‍ ആരോപിച്ചു.

Related Articles

Latest Articles