Monday, December 15, 2025

രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. മാനന്തവാടിയില്‍ രാവിലെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പ്രിയങ്ക പുല്‍പ്പളളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പങ്കെടുക്കും.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ചര്‍ച്ച നടത്തും. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്‍റെ വീടും പ്രിയങ്ക സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും.

നേരത്തെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് സഹോദരനായി വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക ഗാന്ധി കുറിപ്പിട്ടിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക രാഹുലിനായി വോട്ട് തേടിയത്.

Related Articles

Latest Articles