Sunday, January 4, 2026

പ്രതികള്‍ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ല; ശിക്ഷ കുറഞ്ഞോ കൂടിയോ എന്നുള്ളത് നിയമപണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം, കൈവെട്ട് കേസില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫ ടിജെ ജോസഫ്

തൊടുപുഴ: കൈവെട്ട് കേസില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫ ടിജെ ജോസഫ്. പ്രതികള്‍ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് ടി ജെ ജോസഫ് വ്യക്തമാക്കി. കോടതി പ്രതികള്‍ക്ക് വിധിച്ച ശിക്ഷ കുറഞ്ഞോ കൂടിയോ എന്നുള്ളത് നിയമപണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും വിധിയില്‍ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലെന്നും ടിജെ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രാകൃതമായ വിശ്വാസസംഹിതകളുടെ പേരിലാണ് താന്‍ ആക്രമിക്കപ്പെട്ടത്. അത്തരം വിശ്വാസങ്ങള്‍ മാറണമെന്നും ആധുനിക മനുഷ്യര്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്‌ജ്‌ അനില്‍ ഭാസ്‌കറാണ് വിധി പറഞ്ഞത്. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തെളിഞ്ഞതായി വിധി പ്രസ്താവത്തില്‍ പറയുന്നു. രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സജല്‍. കുറ്റകൃത്യത്തിനു ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് മൂന്നു പേര്‍.

ഒന്നാം പ്രതി പെരുമ്പാവൂർ അശമന്നൂർ മുണ്ടശ്ശേരി വീട്ടിൽ സവാദ് (33) കാണാമറയത്ത് തന്നെ തുടരുകയാണ്. രണ്ടുപേർ ചേർന്ന് കൈപ്പത്തി റോഡിൽ ബലമായി പിടിച്ചു വച്ചപ്പോൾ സവാദ് കൈക്കോടാലി ഉപയോഗിച്ച് കൈക്കുഴയ്ക്ക് വെട്ടിയെന്നാണ് കേസ്. ഒറ്റവെട്ടിൽ തന്നെ കൈയറ്റുപോയിരുന്നു. തുടർന്ന് പ്രതികൾ കൈപ്പത്തിയെടൂത്ത് സമീപത്തുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞു കളയുകയായിരുന്നു. കേസിലെ ഒന്നും രണ്ടു ഘട്ട കോടതിവിധികൾ വരുമ്പോഴും സവാദ് എവിടെയെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കുറ്റാന്വേഷണ സംവിധാനത്തിന്റെ പോരായ്മയാണെന്ന് ഇരയായ ടി.ജെ. ജോസഫ് വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇയാൾ ആഫ്രിക്കയിലെവിടെയോ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Related Articles

Latest Articles