Monday, May 20, 2024
spot_img

പ്രൗഢ ഗംഭീരം; ജനസാഗരത്തെ സാക്ഷിയാക്കി രണ്ടാം തവണയും അധികാരത്തിലേറി യോഗി ആദിത്യനാഥ്; മന്ത്രിസഭയിൽ 2 ഉപമുഖ്യമന്ത്രിമാർ

ലക്‌നൗ: യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്ത് യോഗി ആദിത്യനാഥ്. വൈകീട്ട് നാലുമണിയോടെ ആരംഭിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയ്‌ക്കൊപ്പം 52 അംഗ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ഉപമുഖ്യമന്ത്രിമാരും 16 മന്ത്രിമാരും 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും അടങ്ങിയതാണ് ഉത്തർപ്രദേശ്‌ മന്ത്രിസഭ. ലക്നൗവിലെ ഭാരതരത്ന അടൽ ബിഹാരി വാജ്പേയ് ഏകാന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വൻ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. ആർപ്പുവിളികളോടെയാണ് ഉത്തർപ്രദേശിലെ ജനങ്ങൾ തങ്ങളുടെ പ്രിയനേതാവിന്റെ രണ്ടാം വരവിന് സാക്ഷിയായത്.

ഭാരതപ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയായിരുന്നു. സംസ്ഥാന നേതാക്കളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബോളിവുഡ് താരം കങ്കണയും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ പ്രമുഖ വ്യവസായികളായ എൻ ചന്ദ്രശേഖരൻ (ടാറ്റാ ഗ്രൂപ്പ്), മുകേഷ് അംബാനി (റിലയൻസ് ഗ്രൂപ്പ്), കുമാർ മംഗളം ബിർള (ആദിത്യ ബിർള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര ഗ്രൂപ്പ്), ദർശൻ ഹിരാ നന്ദാനി (ഹിരാനന്ദാനി ഗ്രൂപ്പ്), യൂസഫ് അലി (ലുലു ഗ്രൂപ്പ്), സുധീർ മേത്ത (ടോറന്റ് ഗ്രൂപ്പ്), സവ്യവസായികളായ സഞ്ജീവ് ഗോയങ്ക (ഗോയങ്ക ഗ്രൂപ്പ്), അഭിനന്ദ് ലോധ (ലോധ ഗ്രൂപ്പ്) എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

അതേസമയം തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയാണ് ഉത്തർപ്രദേശിൽ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തിയത്. 403 മണ്ഡലങ്ങളിൽ 255 എണ്ണത്തിൽ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികൾ പതിനെട്ട് സീറ്റും നേടി.മാത്രമല്ല സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

Related Articles

Latest Articles