തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിക്കും. സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാതട്ടിപ്പു കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും ജയിലിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ക്രൈംബ്രാഞ്ചാണ് ഇരുവരേയും പരീക്ഷയ്ക്കിരുത്തുന്നത്.
ഇരുവരുടേയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ നടത്തുന്നത്. പ്രതികളെ കൊണ്ട് പരീക്ഷ എഴുതിക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചീഫ് ജുഡീഷ്യല്‍ മജ്സിട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തെ സിവില്‍ പോലീസ് ഓഫിസര്‍ പരീക്ഷയ്ക്കു ചോദിച്ച ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ഇരുവരോടും വീണ്ടും ചോദ്യച്ചെങ്കിലും കൃത്യമായ ഉത്തരം നല്കാന് കഴിഞ്ഞിരുന്നില്ല.
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്, നസീം, ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവരെ പ്രതികളാക്കി ഓഗസ്റ്റ് എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. കേസിലെ അഞ്ചാം പ്രതിയും മുഖ്യ ആസൂത്രകനുമായ മുന്‍ പൊലീസുകാരന് ഗോകുലിനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നല്‍കിയിരുന്നു.

