Friday, January 2, 2026

ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം മൃതദേഹം കത്തിച്ചു; പുല്ലേപ്പടി കൊലപാതകത്തില്‍ ദുരൂഹതകളേറെ

കൊച്ചി: പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് ഭാഷ്യം. പ്രതിയായ മാനാശ്ശേരി സ്വദേശി ഡിനോയ്‌ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജോബിയും പ്രതി ഡിനോയിയും നന്നായി മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ജോബി റെയിൽവേ ട്രാക്കിൽ കയറി കിടന്നു. ഈ സമയം ഡിനോയി കൈയിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. ഇതിനായി പെട്രോളും നേരത്തെ വാങ്ങിയിരുന്നു. ജോബിയെ എങ്ങനെയും ഒഴിവാക്കാനായിരുന്നു ഡിനോയിയുടെ തീരുമാനം, എന്നാല്‍ ദൂരെ എവിടേക്കെങ്കിലും തൽക്കാലം മാറി നിൽക്കാം എന്ന് പറഞ്ഞാണ് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തേക്ക് ഡിനോയി ജോബിയെ എത്തിച്ചതെന്നും പോലീസ് പറയുന്നു.

എന്നാല്‍ പിന്നീട് മോഷണ മുതൽ പങ്ക് വയ്ക്കുന്നതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തലില്‍ വ്യക്തമായി. ഡിനോയിയുടെ അച്ഛൻ്റെ ജ്യേഷ്ഠൻ്റെ വീട്ടിലാണ് ഇവർ മോഷണം നടത്തിയത്. ഈ മോഷണത്തിൽ, കൊല്ലപ്പെട്ട ജോബിയുടെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ഇത് മോഷണക്കേസ് തെളിയിക്കുന്നതിലേക്ക് നയിക്കുമെന്ന് ഭയന്നാണ് ഡിനോയ് ജോബിയെ കൊന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിനുപുറമെ മൃതദേഹം കത്തിക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാരിസ്, മണിലാൽ, പ്രദീപ് എന്നിവരാണ് പിടിയിലായത്.

Related Articles

Latest Articles