ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 16 ജില്ലകളിലായി 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് വരെയാണ് പോളിംഗ്. ഇന്ന് എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് യാദവും, പിതൃസഹോദരന്‍ ശിവപാല്‍ യാദവും ജനവിധി തേടുകയാണ്. കര്‍ഹാലില്‍ അഖിലേഷിന്റെ മത്സരം കടുത്തിട്ടുണ്ട്.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പും ആരംഭിച്ചു. പഞ്ചാബിൽ 1304 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 1209 പുരുഷന്മാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സുമാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ 117 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
മണ്ഡലത്തിലെ ക്രമസമാധാന പ്രശ്നവും വികസനവും റേഷന്‍ വിതരണവുമുന്നയിച്ച് ബി.ജെ.പി നടത്തുന്ന പ്രചരണത്തെ പ്രതിരോധിക്കാനാണ് അഖിലേഷ് മുലായവുമായി രംഗത്തെത്തിയത്. 3.71 ലക്ഷം വോട്ടര്‍മാരില്‍ 1.44 ലക്ഷം യാദവ വോട്ടുണ്ട്. 2017 ല്‍ 59 ല്‍ 49 ഉം ബി.ജെ.പി നേടി. എസ്.പി ഒന്‍പതും കോണ്‍ഗ്രസും ബി.എസ്.പിയും ഓരോ സീറ്റും വിജയിച്ചു.

