ഇന്ന് ‘ക്വിറ്റ് ഇന്ത്യ’ ദിനം. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് എട്ടിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുക തന്നെ ചെയ്തു. ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ “ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും മഹാത്മാഗാന്ധി ഉറപ്പിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-“പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക”. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്. സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസം തന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ’ മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.
പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി. ലോകമഹായുദ്ധത്തിന്റെ ക്ഷീണം മാറാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ സംബന്ധിച്ച് അപൂര്‍വ്വമായ ഈ സമരം അവരെ കൂടുതല്‍ പരിക്ഷീണരാക്കി. ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെ എങ്ങിനെ നേരിടണമെന്നറിയാതെ ഇംഗ്ലീഷ് ഭരണകൂടം കുഴങ്ങി. അവരെ അറസ്റ്റ് ചെയ്ത് പ്രക്ഷോഭമില്ലാതാക്കാം എന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റി . ഗാന്ധിജിയെ മോചിതനാക്കുക എന്നൊരു പുതിയ മുദ്രാവാക്യം കൂടി ഉണ്ടാകാനേ അതുപകരിച്ചുള്ളൂ .
രാജ്യമെങ്ങും പ്രക്ഷോഭങ്ങളുണ്ടായി. ആദ്യ ഘട്ടത്തിൽ അഹിംസാത്മകമായിരുന്നെങ്കിലും ബ്രിട്ടീഷ് സർക്കാർ മർദ്ദന പരിപാടികൾ ആരംഭിച്ചതോടെ പ്രക്ഷോഭം അക്രമങ്ങളിലേക്ക് നീങ്ങി . അതിനനുസരിച്ച് മർദ്ദന പരിപാടികൾ കൂടുതൽ മൃഗീയമായി . വെടിവെപ്പും ലാത്തിച്ചാർജ്ജും കൂട്ടപ്പിഴ ചുമത്തലും സർവ്വ സാധാരണമായി . ആയിരക്കണക്കിനു പേർ മരിച്ചു . മരിച്ചവരിൽ കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ ഉൾപ്പെടുന്നു . ഇരട്ടിയിലധികമാളുകൾക്ക് പരിക്കേറ്റു..പതിനായിരത്തോളം പേർ അറസ്റ്റ് ചെയ്യപ്പെട്ടു .
ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള പ്രതികരണം പല പ്രവിശ്യകളിലും പലതരത്തിലായിരുന്നു . ബീഹാറും ഉത്തർപ്രദേശും മദ്ധ്യ പ്രദേശും മഹാരാഷ്ട്രയുമടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ സമര പരിപാടികൾ നടന്നു . എന്നാൽ ദക്ഷിണേന്ത്യയിലെ പല പ്രവിശ്യകളും സമരത്തോട് പുറം തിരിഞ്ഞു നിന്നു. കേരളത്തിൽ ക്വിറ്റ് ഇന്ത്യാസമരം വിപുലമായിരുന്നില്ല . കോൺഗ്രസ്സ് ഹിന്ദു സ്വരാജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിച്ച് മുസ്ലിം ലീഗും , സോവിയറ്റ് നയങ്ങൾക്കനുസരിച്ച് നയം മാറിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും ശക്തമായിടങ്ങളിലൊന്നും ക്വിറ്റ് ഇന്ത്യാ സമരം ചലനമുണ്ടാക്കിയില്ല . ഇരു കൂട്ടരും അവരവരുടേതായ കാരണങ്ങളാൽ സമരത്തെ എതിർത്തു .
1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വിക്ക് വഴങ്ങി. 1944 ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം പിരിച്ചുവിടപ്പെട്ടു. അംഹിസയില്‍ നിന്ന് സമരം അക്രമത്തിലേക്ക് മാറിയതായിരുന്നു അതിന് കാരണം. 1945 ആഗസ്ത് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഒരുപരിധിവരെ ഈ ഈ പ്രചരണവും കാരണമായി. ഓരോ ഇന്ത്യക്കാരനും താന്‍ സ്വതന്ത്രനാണെന്ന് സ്വയം വിശ്വസിക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു. പ്രത്യക്ഷത്തിൽ പരാജയപ്പെട്ട സമരം എന്നു തോന്നുമെങ്കിലും രാജ്യത്തിൽ നിന്നൊഴിഞ്ഞു പോകാൻ സമയമായി എന്ന ചിന്ത ബ്രിട്ടനുണ്ടാക്കാൻ സമരത്തിനു കഴിഞ്ഞുവെന്നതിൽ സംശയമില്ല .

