Sunday, September 20, 2026

വേദി മാറ്റാനാവില്ലെന്ന് ഐസിസി; തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി

ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ടൂർണമെന്റിന്റെ സമയക്രമം മാസങ്ങൾക്കു മുൻപേ നിശ്ചയിച്ചതാണെന്നും അതിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും ഐസിസി വ്യക്തമാക്കി.

ഇന്ന് നടന്ന വീഡിയോ കോൺഫറൻസിൽ ബിസിബി പ്രസിഡന്റ് മുഹമ്മദ് അമിനുൽ ഇസ്ലാം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ ആശങ്കകൾ വീണ്ടും ആവർത്തിച്ചു. നിലവിൽ ഇന്ത്യയുമായുള്ള രാഷ്ട്രീയ ബന്ധം വഷളായ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് അവരുടെ വാദം. ഐസിസി ഈ ആവശ്യം നിരസിച്ചെങ്കിലും, തങ്ങൾ ചർച്ചകൾ തുടരുകയാണെന്നും നിലപാടിൽ മാറ്റമില്ലെന്നും ബിസിബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഈ രാഷ്ട്രീയ പ്രതിസന്ധി ബംഗ്ലാദേശ് ക്രിക്കറ്റിന് കനത്ത സാമ്പത്തിക ആഘാതമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ കായിക ഉപകരണ നിർമ്മാതാക്കളായ എസ്.ജി (SG), സറീൻ സ്പോർട്സ് (SS) തുടങ്ങിയ ബ്രാൻഡുകൾ ബംഗ്ലാദേശ് താരങ്ങളുമായുള്ള കരാറുകൾ പുതുക്കാൻ വിസമ്മതിക്കുകയാണ്. ക്യാപ്റ്റൻ ലിറ്റൺ ദാസ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ സ്പോൺസർഷിപ്പ് അവതാളത്തിലായി. കൂടാതെ, ബംഗ്ലാദേശിലെ ഉൽപ്പാദന കേന്ദ്രങ്ങൾ പലതും ഇന്ത്യൻ കമ്പനികൾ ഉപേക്ഷിക്കുന്നതും തിരിച്ചടിയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാൽ മാത്രമേ കായിക വിപണിയിലെ ഈ സ്തംഭനാവസ്ഥ മാറൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles