Monday, May 20, 2024
spot_img

കണക്കുകൂട്ടലുകൾ പിഴച്ചു? അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ നിലച്ചു; എന്ത് സംഭവിച്ചെന്ന വിവരമില്ലാത്ത വനം വകുപ്പ്; കൊലകൊല്ലി ചരിത്രം ആവർത്തിക്കുമോ ?

ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിച്ച അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ പ്രവർത്തന രഹിതമായി. ഇന്നലെ രണ്ടുമണിമുതൽ സിഗ്നൽ ലഭിക്കാത്തതിനാൽ ആനയെ ട്രാക്ക് ചെയ്യാൻ വനം വകുപ്പിന് സാധിച്ചിട്ടില്ല. ആന സഞ്ചരിക്കുന്ന വേഗത അനുസരിച്ച് അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നാണ് വനം വകുപ്പ് വിലയിരുത്തുനിന്നതെങ്കിലും പരിക്ക് ഭേദമായോ എന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. മാത്രമല്ല മയക്കുവെടി ആനയുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. സിഗ്നൽ നിലച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. എന്നാൽ ആന ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ പറയുന്നു.

അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ‌ എത്തി. ആനയെ ഇറക്കിവിട്ട സ്ഥലത്തുനിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് ഈ സിഗ്നലിന്റെ അർത്ഥം. ആന തമിഴ്‌നാട്ടിലെ ജനവാസ മേഖലക്ക് സമീപമെത്തുമോ എന്ന ആശങ്കയും ഇന്നലെയുണ്ടായിരുന്നു.

റേഡിയോ കോളർ സിഗ്നൽ ലഭിക്കാതായതോടെ അരിക്കൊമ്പന്റെ ആരോഗ്യത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. 2006 ൽ ആക്രമണകാരി എന്ന് കണ്ടതിനെ തുടർന്ന് പിടികൂടിയ കൊലകൊല്ലി എന്ന ആനയുടെ ചരിത്രം പലരും സമൂഹമദ്ധ്യമങ്ങളിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. മയക്കുവെടി വച്ച് പിടികൂടിയ കൊലകൊല്ലിയെ പരിശീലനത്തിന് അയക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിരിയുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ വനംവകുപ്പിന്റെ അനാസ്ഥയാണെന്ന ആരോപണം അന്ന് ഉയരുകയും ചെയ്തിരുന്നു.

Related Articles

Latest Articles