പാലക്കാട്: കല്യാണങ്ങൾക്ക് മുന്നോടിയായുള്ള വധുവരന്മാരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ഉൾപ്പടെ എല്ലാ ഷൂട്ടുകൾക്കും അനുമതി നൽകി പാലക്കാട് റെയിൽവേ ഡിവിഷൻ.പാലക്കാട് റെയിൽവേ ഡിവിഷനാണ് ഇതിന് ആദ്യമായി മുൻകയ്യെടുക്കുന്നത്. നിശ്ചിത ഫീസ് ഈടാക്കിയാണ് ഫോട്ടോ ഷൂട്ടിന് അനുമതി നല്‍കുക. ദിവസം 5000 രൂപയാണ് ഫീസ് ഈടാക്കുക. വിവിധ അക്കാദമിക ആവശ്യങ്ങള്‍ക്കായുള്ള ഫോട്ടോ ഷൂഷൂട്ടിന് 2500 രൂപയും വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3500 രൂപയുമാണ് ഈടാക്കുക. കർശ്ശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഷൂട്ട് നടത്തുക.
ഫോട്ടോ ഷൂട്ടിനുള്ള അപേക്ഷകള്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് ഏഴ് ദിവസം മുന്‍പ് അപേക്ഷ നല്‍കണം. റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും ഷന്‍റിംഗിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളില്‍ ഫോട്ടോ ഷൂട്ട് അനുവദിക്കില്ല. എന്നാല്‍ റെയിൽവേ വർക്ക്ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാർഡ്, ഗുഡ്സ് യാർഡ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫിക്ക് അനുമതിയില്ല. ട്രെയിനിന് മുകളില്‍ കയറി നിന്നോ ഫുട്ബോര്‍ഡിലോ കയറി നിന്നുള്ള ഫോട്ടോഷൂട്ടിനും അനുമതിയുണ്ടാവില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ഫോട്ടോ ഷൂട്ടിനെത്തുന്നവര്‍ പാലിക്കണമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

