Sunday, June 16, 2024
spot_img

കൊടുംക്രൂരത! കരയാതിരിക്കാൻ ഐസിയുവിലായിരുന്ന നവജാതശിശുവിന്റെ വായിൽ പ്ലാസ്റ്ററൊട്ടിച്ചു;നഴ്സിന് സസ്പെന്‍ഷന്‍

മുംബൈ: ഐസിയുവിൽ ചികിത്സയിലായിരുന്ന നവജാതശിശുവിന്റെ കരച്ചിൽ നിർത്താൻ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെന്‍ഷന്‍. മുംബയിലെ ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിലാണ് കൊടുംക്രൂരത നടന്നത്. സംഭവത്തെക്കുറിച്ച് മുൻസിപ്പൽ കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ പ്രസവം മെയ് ഇരുപത്തഞ്ചിനായിരുന്നു. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ ആൺകുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൃത്യമായ ഇടവേളകളിലെത്തി കുഞ്ഞിന് മുലപ്പാൽ നൽകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് രാത്രി മുലപ്പാൽ നൽകാൻ പ്രിയ തീവ്രപരിചരണ വിഭാഗത്തിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചെങ്കിലും നഴ്സിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല. മുലപ്പാൽ നൽകണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്തദിവസം രാവിലെ എട്ടിന് വന്ന് മുലപ്പാൽ നൽകാനായിരുന്നു നിർദേശം. രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് വഴങ്ങിയില്ല. ആവർത്തിച്ച് ചോദിച്ചപ്പോഴാണ് മകന്റെ കരച്ചിൽ നിര്‍ത്താന്‍ ആണ് പ്ലാസ്റ്റർ ഒട്ടിച്ചതെന്ന് നഴ്സ് പറഞ്ഞത്.

രാത്രി ഒരുമണിയോടെ പ്രിയ വീണ്ടും എത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയിരുന്നില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നത് കാണുകയും ചെയ്തു. ഇതോടെ സ്ഥലത്തെ മുൻ കോർപ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റർ മാറ്റുകയായിരുന്നു. കോർപ്പറേറ്റർ നൽകിയ പരാതിയിലാണ് ആശുപത്രി അധികാരികൾ നഴ്സിനെതിരേ നടപടിയെടുത്തത്.

Related Articles

Latest Articles