ദില്ലി: തെക്ക് കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രാദേശിന്റ തെക്കന്‍ തീരങ്ങളില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കും തുലാവര്‍ഷം വ്യാപിക്കും.
തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലയില്‍ നിന്ന് ആരംഭിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാളെ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച്ച 7 ജില്ലകളിലും ബുധനാഴ്ച്ച 8 ജില്ലകളിലും യല്ലോ മുന്നറിയിപ്പ് നല്‍കി.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 ന് കേരളത്തില്‍ ആരംഭിച്ച തുലാവര്‍ഷം അവസാനിച്ചത് റെക്കോര്‍ഡ് മഴയുമായാണ്. 109 % അധിക മഴയാണ് കഴിഞ്ഞ തുലാവര്‍ഷ സീസണില്‍ ലഭിച്ചത്.

