ജയ്പുർ : പ്ലേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സ് 17.5 ഓവറിൽ 118 റൺസിന് അവസാനിച്ചു. 20 പന്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ നേടിയ 30 റൺസാണ് രാജസ്ഥാന് ടോപ് സ്കോർ. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനാണ് വൻ സ്‌കോർ നേടുന്നതിൽ നിന്ന് രാജസ്ഥാനെ പിന്നോട്ട് വലിച്ചത്.
ഒരിക്കൽ കൂടി പരാജയമായ ജോസ് ബട്‍ലറും (8 പന്തിൽ 6) അനാവശ്യ റണ്ണൗട്ടിൽ കളം വിട്ട യശസ്വി ജയ്‍സ്വാളും (11 പന്തിൽ 14) രാജസ്ഥാൻ ആരാധകരെ വിഷമിപ്പിച്ചപ്പോൾ സഞ്ജുവിലൂടെ ഹോം ഗ്രൗണ്ടിൽ ടീം തിരികെ വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ പന്ത് ജോഷ്വ ലിറ്റിലിന്റെ കൈകളിലെത്തിയതോടെ സഞ്ജു തിരികെ നടന്നു.
പിന്നീട് നടന്നത് രാജസ്ഥാൻതാരങ്ങളുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. ദേവ്ദത്ത് പടിക്കൽ( 12 പന്തിൽ 12), രവിചന്ദ്രൻ അശ്വിൻ( 6 പന്തിൽ 2), ഇംപാക്ട് പ്ലയർ റയാൻ പരാഗ്( 6 പന്തിൽ 4), ഹെറ്റ്മെയർ ( 13 പനിതിൽ 7), ധ്രുവ് ജുറൽ( 8പന്തിൽ 9) എന്നിവർ മിന്നൽ വേഗത്തിൽ ക്രീസ് വിട്ടപ്പോൾ ടീം സ്കോർ 100 ലെത്തുമോ എന്നുപോലും ആരാധകർ സംശയിച്ചു. എന്നാൽ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ട്രെന്റ് ബോൾട്ടും(11 പന്തിൽ 15) ആദം സാംപ ( 9 പന്തിൽ 7)യും നടത്തിയ ചെറിയൊരു രക്ഷാപ്രവർത്തനമാണ് സ്കോർ 118 എന്ന നിലയിൽ എത്തിച്ച് വൻ നാണക്കേട് ഒഴിവാക്കിയത്. ഗുജറാത്തിനായി നൂർ അഹമദ് രണ്ടു വിക്കറ്റും ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.

