തിരുവനന്തപുരം: തിരുവനന്തപുരത്ത് സി-ഡാക്കിലെ(C-DAC) പുതിയ സൈബർ ഫോറൻസിക് ലാബ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar).സി-ഡാക് വികസിപ്പിച്ച രണ്ട് ഉത്പന്നങ്ങളുടെ ലോഞ്ചും മന്ത്രി നിർവ്വഹിച്ചു.
കേന്ദ്രമന്ത്രിയായ ശേഷം ഇത് ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ സി ഡാക് സന്ദർശിക്കുന്നത്. യുവ സംരംഭകരുമായുള്ള കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി (Ministry of Electronics & Information Technology) സഹമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
സി-ഡാക് സൈബർ ഫോറൻസിക് ഗ്രൂപ്പിന്റെ പുതിയ രണ്ട് ഉത്പന്നങ്ങളാണ് ഇന്ന് മന്ത്രി ലോഞ്ച് ചെയ്തത്.
ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ അതിവേഗ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുന്ന കിയോസ്ക് ആണ് അതിൽ ഒന്ന്. എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനിലുമെല്ലാം സ്ഥാപിക്കാവുന്ന അതി നൂതന ഫോറൻസിക് ടൂൾ ആണ് പുതിയ ഡിജിറ്റൽ ഫോറൻസിക് കിയോസ്ക്.
ഫോണോ ലാപ്ടോപ്പോ കണക്ട് ചെയ്ത് പെട്ടന്ന് പരിശോധന പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിയോസ്ക് സഹായമാകുമെന്നാണ് അവകാശവാദം. ആവശ്യമെങ്കിൽ ഉപകരണം കസ്റ്റഡിയിലെടുത്താൽ മതി. സംശയം തോന്നുന്ന ഡിവൈസുകൾ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയക്കുന്നതിലുണ്ടാകുന്ന കാലതാമസം പുതിയ ഡിവൈസിലൂടെ ഒഴിവാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെള്ളത്തിനടയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന സബ്മറൈൻ ഡ്രോണാണ് രണ്ടാമത്തെ സി ഡാക്ക് ഉത്പന്നം. നാവിക സേനയ്ക്ക് അടക്കം മുതൽ കൂട്ടാകുന്ന ഡ്രോൺ ഉപയോഗിച്ച് സമുദ്രത്തിലും നദികളിലും നിരീക്ഷണം നടത്താനാവും എന്നാണ് കണ്ടെത്തൽ
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏക ഡിആർഡിഒ ലബോറട്ടറി ആയ കൊച്ചി നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രഫിക് ലബോറട്ടറി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചിരുന്നു.

