ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ താന്‍ നേരത്തേ എത്തിയതില്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. താനൊരു ഡോക്ടറല്ലെന്നും മരുമകൻ ഏതേലും ഡോക്ടറെയോ അല്ലേൽ മനഃശാസ്ത്ര വിദഗ്ധനേയോ കാണുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വികസിത കേരളം ആലപ്പുഴ നോർത്ത് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാന്‍ നേരത്തേ വന്നതിലാണ് മരുമകന് സങ്കടം. എന്തുകൊണ്ട് നേരത്തെ വന്നു? പ്രവര്‍ത്തകര്‍ നേരത്തേ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ ഞാനും അവര്‍ക്കൊപ്പം വരണമെന്ന് കരുതിയാണ് നേരത്തെ എത്തിയത്. 8.45ന് അവിടെ എത്തി. എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയപ്പോള്‍ എന്റെ പ്രവര്‍ത്തകരെ കാണണമെന്നു പറഞ്ഞാണ് ഞാന്‍ നേരത്തേ വേദിയില്‍ കയറിയത്.
രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിച്ചു, ഒപ്പം താനും ഭാരത് മാതാ കീ ജയ് വിളിക്കുകയായിരുന്നു. ഇതെല്ലാം കാണുമ്പോള്‍ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടം. ഒരു ഡോക്ടറെ പോയി കാണുന്നതാണ് ആ സങ്കടത്തിനുള്ള മരുന്ന്. ഇതിനൊക്കെ സങ്കടപ്പെട്ടാല്‍ വരുംകാലത്ത് ധാരാളം സങ്കടപ്പെടും. ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് മോദിജി പറഞ്ഞു. അത് ശരിയാണ്.
വെള്ളിയാഴ്ച രാത്രി മുഴുവന്‍ സിപിഎമ്മുകാര്‍ എന്നെ ട്രോള്‍ ചെയ്യുകയായിരുന്നു. സിപിഎമ്മുകാര്‍ മുഴുവന്‍ ട്രോളുകയാണ്. വിഴിഞ്ഞം തുറമുഖം സാക്ഷാല്‍ക്കരിക്കാന്‍ കാരണം നരേന്ദ്രമോദിയാണ്. അവര്‍ക്ക് ഇനി എന്തുമാത്രം സങ്കടപ്പെടാന്‍ ഇരിക്കുന്നു. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ. വികസിത കേരളമാണ് ലക്ഷ്യം, ഈ ട്രെയിന്‍ നില്‍ക്കില്ല. ഈ ട്രെയിനില്‍ ഇടതുപക്ഷത്തിന് കയറണമെങ്കില്‍ കയറാം, മരുമകനും ഈ ട്രെയിനിൽ കയറാം. കേരളത്തില്‍ മാറ്റം വരുത്താന്‍ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തില്‍ എത്തിച്ചിട്ടേ ഞാന്‍ ഇവിടെ നിന്ന് പോകൂ. വിഴിഞ്ഞം ഇന്ത്യയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ്.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

